രഞ്ജി ട്രോഫി ഫൈനൽ തീരുമാനം ആയി, പോര് കനക്കും!!

Newsroom

രഞ്ജി ട്രോഫി ഫൈനൽ തീരുമാനം ആയി. ഇന്ന് അവസാന സെമിയിൽ ഗുജറാത്തിനെ സൗരാഷ്ട്ര തോൽപ്പിച്ചതോടെയാണ് രഞ്ജി ഫൈനൽ തീരുമാനമായത്. അവസാന ദിവസമായ ഇന്ന് 92 റൺസിന്റെ വിജയമാണ് സൗരാഷ്ട്ര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 234 റൺസിന് ഗുജറാത്തിനെ എറിഞ്ഞിടാൻ സൗരാഷ്ട്രയ്ക്ക് ആയി. ക്യപ്റ്റൻ ജയ്ദേവ് ഉനദ്കടിന്റെ ബൗളിംഗ് ആണ് സൗരാഷ്ട്രയ്ക്ക് ജയം നൽകിയത്.

ഏഴു വിക്കറ്റാണ് ഉനദ്കട് നേടിയത്. 56 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു ഏഴു വിക്കറ്റുകൾ. ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റും ഉനദ്കട് നേടിയിരുന്നു. ഈ വിക്കറ്റുകളോടെ ഉനദ്കട് ഒരു രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന പേസ് ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കി. 65 വികറ്റുകൾ ആണ് ഈ സീസണിൽ ഉനദ്കട് സ്വന്തമാക്കിയത്. 1998-99 സീസണിൽ കർണാടകയുടെ ദൊഡ ഗണേഷ് നേടിയ 62 വിക്കറ്റുകൾ എന്ന റെക്കോർഡ് ആണ് പിറകിലായത്.

മാർച്ച് 9ന് നടക്കുന്ന ഫൈനലിൽ ബംഗാൾ ആകും സൗരാഷ്ട്രയുടെ എതിരാളികൾ. ഇന്നലെ കർണാടകയെ തോൽപ്പിച്ച് ആണ് ബംഗാൾ ഫൈനലിലേക്ക് കടന്നത്. പൂജാര, ജഡേജ എന്നിവർ ഫൈനലിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി ഇറങ്ങിയേക്കും. ബംഗാളിനായി സാഹയും ഇറങ്ങും.