കേരളവും രാജസ്ഥാനും തമ്മിൽ ഉള്ള രഞ്ജി ട്രോഫി പോരാട്ടത്തിൽ രാജസ്ഥാന് വൻ വിജയം. രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ ഒരു ഇന്നിങ്സിനും 96 റൺസിനുമാണ് കേരളം തോറ്റത്. 178 റൺസിന്റെ ലീഡ് വഴങ്ങിയ കേരളം വെറും 82 റൺസ് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ കേരളം 90 റൺസിനും പുറത്തായിരുന്നു.
9 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് കേരളം രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. പരിക്കേറ്റതിനാൽ രോഹൻ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഇതോടെ കേരളത്തിന്റെ ഇന്നിങ്സ് പൂർത്തിയാവുകയായിരുന്നു.
നേരത്തെ രാജസ്ഥാനെ 268ന് പുറത്താക്കിയിരുന്നു എങ്കിലും 178 റൺസിന്റെ ലീഡ് കേരളം വഴങ്ങിയിരുന്നു. കേരള നിരയിൽ ആർക്കും രണ്ടാം ഇന്നിങ്സിൽ പിടിച്ചു നിൽക്കാൻ ആയില്ല. 18 റൺസ് എടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബി ആണ് രണ്ടാം ഇന്നിങ്സിലെ കേരളത്തിന്റെ ടോപ് സ്കോറർ. രാജസ്ഥാന് വേണ്ടി എസ് കെ ശർമ്മ ആറു വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ശർമ്മ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ഈ വിജയം രാജസ്ഥാന് ഏഴു പോയന്റുകൾ നൽകും. കേരളത്തിന് ഒരു പോയന്റ് പോലും ഈ മത്സരത്തിൽ നിന്ന് ലഭിക്കില്ല.