കേരളത്തിനു മികച്ച തുടക്കം

ആന്ധ്രയെ രണ്ടാം ദിവസം 254 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം കേരളം 79/0 എന്ന നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ കടക്കുകയായിരുന്നു. ജലജ് സക്സേനയും അരുണ്‍ കാര്‍ത്തിക്കും അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്.

സക്സേന 42 റണ്‍സ് നേടിയപ്പോള്‍ അരുണ്‍ കാര്‍ത്തിക്ക് 34 റണ്‍സ് നേടി നില്‍ക്കുന്നു. നേരത്തെ തലേ ദിവസത്തെ സ്കോറായ 225/8 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആന്ധ്രയുടെ ഇന്നിംഗ്സ് 254 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

സന്ദീപ് വാരിയറും ബേസില്‍ തമ്പിയും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. 18 റണ്‍സ് നേടിയ ഷൊയ്ബ് മുഹമ്മദ് ഖാനിനെ പുറത്താക്കി ബേസില്‍ തമ്പിയാണ് കേരളത്തിനു ഇന്നത്തെ ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഏറെ വൈകാതെ അയ്യപ്പ ഭണ്ഡാരുവിനെ(14) പുറത്താക്കി സന്ദീപ് വാരിയര്‍ ആന്ധ്രയെ പുറത്താക്കുകയായിരുന്നു.

അക്ഷയ് കെസി നാലും ബേസില്‍ തമ്പി മൂന്നും സന്ദീപ് വാര്യര്‍ രണ്ടും വിക്കറ്റാണ് കേരളത്തിനായി നേടിയിട്ടുള്ളത്.