ബൗളര്‍മാര്‍ നല്‍കിയ ആധിപത്യം നഷ്ടപ്പെടുത്തി കേരളം, 70 റണ്‍സിന് പുറത്ത്

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയില്‍ 70 റണ്‍സിന് പുറത്തായി കേരളം. ഇതോടെ ഗുജറാത്തിന് 57 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. 127 റണ്‍സിന് കേരളം ഗുജറാത്തിനെ പുറത്താക്കിയിരുന്നുവെങ്കിലും അവസരത്തിനൊത്തുയരുവാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിയാതെ പോയപ്പോള്‍ കേരളം നാണംകെട്ട് പുറത്താകുകയായിരുന്നു. കേരള നിരയില്‍ 26 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്കോറര്‍.

8/3 എന്ന നിലയില്‍ നിന്ന് രാഹുലും(17) ഉത്തപ്പയും ചേര്‍ന്ന് കേരളത്തിനെ കരകയറ്റുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 50ല്‍ നില്‍ക്കെ രാഹുല്‍ പുറത്തായതോടെ കേരളം തകരുകയായിരുന്നു. കേരളത്തിന്റെ അവസാന 7 വിക്കറ്റ് നഷ്ടമായത് 20 റണ്‍സ് നേടുന്നതിനിടെയാണ്.

ഗുജറാത്തിനായി റൂഷ് ബി കലാരിയ നാലും അക്സര്‍ പട്ടേല്‍ മൂന്നും വിക്കറ്റ് നേടി തിളങ്ങി. രണ്ട് വിക്കറ്റ് നേടിയ ചിന്തന്‍ ഗജയും മികവ് പുലര്‍ത്തി.

ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്‍സ് നേടിയിട്ടുണ്ട്.