ഗ്ലെന്‍ ഫിലിപ്പ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം, വില്ലനായി മഴ

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ 173 റണ്‍സ് നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 27 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ഗ്ലെന്‍ ഫിലിപ്പ്സ് ആണ് തനിക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റിയത്.

17.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാന ഓവറുകളിലേക്ക് കടക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. ഇതോടെ ന്യൂസിലാണ്ടിന്റെ അവശേഷിച്ച ഓവറുകള്‍ ഉപേക്ഷിക്കുകയായിരുന്നു. മത്സരം വിജയിക്കുവാന്‍ ബംഗ്ലാദേശ് 16 ഓവറില്‍ 170 റണ്‍സാണ് നേടേണ്ടത്.

ഫിലിപ്പ്സ് 31 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ ഡാരില്‍ മിച്ചല്‍ 16 പന്തില്‍ 34 റണ്‍സ് നേടി.  മാര്‍ട്ടിന്‍ ഗപ്ടില്‍(21), ഫിന്‍ അല്ലെന്‍(17), ഡെവണ്‍ കോണ്‍വേ(15), വില്‍ യംഗ്(14) എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിച്ചില്ല.

ആറാം വിക്കറ്റില്‍ ഫിലിപ്പ്സും ഡാരില്‍ മിച്ചലും ചേര്‍ന്ന് 27 പന്തില്‍ നേടിയ 62 റണ്‍സാണ് അവസാന ഓവറുകളില്‍ ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 17.5 ഓവറില്‍ 173/5 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.