അര്‍ദ്ധ ശതകത്തിന് ശേഷം പുജാര പുറത്ത്, ഇന്ത്യയെ മുന്നോട്ട് നയിച്ച് കോഹ്‍ലി

ഈഡന്‍ ഗാര്‍ഡന്‍സിലെ കന്നി ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 174/3 എന്ന നിലയിലാണ്. മത്സരത്തില്‍ 68 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ഇന്ത്യയ്ക്ക് ഇപ്പോളുള്ളത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു.

മയാംഗ് അഗര്‍വാള്‍(14), രോഹിത് ശര്‍മ്മ(21) എന്നിവരുടെ വിക്കറ്റുകള്‍ വീണ ശേഷം മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 94 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ടിനെ എബാദത്ത് ഹൊസൈന്‍ ആണ് തകര്‍ത്തത്.

രോഹിത്തിനെയും എബാദത്ത് തന്നെയായിരുന്നു പുറത്താക്കിയത്. 55 റണ്‍സാണ് ചേതേശ്വര്‍ പുജാര നേടിയത്. നാലാം വിക്കറ്റില്‍ 37 റണ്‍സ് നേടി വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയുമാണ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.

കോഹ്‍ലി 59 റണ്‍സും രഹാനെ 23 റണ്‍സും നേടിയാണ് ക്രീസില്‍ നിലകൊള്ളുന്നത്.