രണ്ടാം ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി, പ്രിത്വി ഷാക്ക് പരിക്ക്

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങാനിരിക്കെ ഇന്ത്യക്ക് പരിക്ക് ഭീഷണി. ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷാ ഇന്ന് പരിക്ക് മൂലം ടീമിനൊപ്പം പരിശീലനം നടത്തിയില്ല. ഇടത് കാലിൽ നീര് വന്നതോടെ താരം പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് വളരെ നിർണായകമാണ്.

ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രിത്വി ഷാക്ക് കഴിഞ്ഞിരുന്നില്ല. ആദ്യം ഇന്നിങ്സിൽ 16 റൺസ് എടുത്തും രണ്ടാം ഇന്നിങ്സിൽ 14 റൺസ് എടുത്തുമാണ് പ്രിത്വി ഷാ പുറത്തായത്. നാളെ അവസാന വട്ട പരിശോധനകൾക്ക് ശേഷം മാത്രമേ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ പ്രിത്വി ഷായെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവു. പ്രിത്വി ഷാ ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ യുവതാരം ശുഭ്മൻ ഗിൽ ആവും ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങുക.