തുടക്കത്തിനു മുമ്പേ തിരിച്ചടിയോ? പൃഥ്വി ഷായ്ക്ക് പരിക്ക്

- Advertisement -

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് പൃഥ്വി ഷാ. നാല് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന്റെ പരിക്ക് ഗുരുതരമാണെങ്കില്‍ അത് ഇന്ത്യയുടെ പരമ്പര സ്വപ്നങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ മൂന്നാം ദിവസമാണ് താരത്തിനെ ഗ്രൗണ്ടിനു പുറത്തേക്ക് ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്.

ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം ഒരു ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെയാണ് കാലിനു പരിക്കേറ്റ് വീണത്. ലാന്‍ഡിംഗ് ശരിയാകാത്തതിനാല്‍ അത്യധികം വേദനയിലായിരുന്നു പൃഥ്വി. ഇന്ത്യയുടെ ഫിസിയോ ഉടനെ എത്തി താരത്തിനെ ശുശ്രൂഷിക്കുകയും അതിനു ശേഷം നടന്ന് പോകുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ താരത്തെ ചുമന്ന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

ബിസിസിഐ താരത്തിനെ ഹോസ്പിറ്റലിലേക്ക് സ്കാനുകള്‍ക്കായി കൊണ്ടു പോയെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിനു അഡിലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ താരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും. പൃഥ്വി സന്നാഹ മത്സരത്തില്‍ അതിവേഗത്തിലുള്ള 66 റണ്‍സ് കഴിഞ്ഞ ദിവസം നേടിയിരുന്നു. അതിനു ശേഷം പിറ്റേ ദിവസം പൃഥ്വിയുടെ ഓപ്പണിംഗ് സ്ലോട്ട് ഉറപ്പാണെന്നും ഇനി മറ്റേ സ്ഥാനത്തിനു വേണ്ടിയാണ് കെഎല്‍ രാഹുലും മുരളി വിജയും മാറ്റുരയ്ക്കേണ്ടതെന്നുമാണ് സഞ്ജയ് ബംഗാര്‍ പറഞ്ഞത്.

Advertisement