പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി റമീസ് രാജ, കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ആവശ്യപ്പെട്ട് മുന്‍ താരം

പാക്കിസ്ഥാന്‍ ഭാവിയിലേക്കുള്ള ടീമിനെ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പുകളാണ് ടീമിന്റെ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടതെന്ന ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജ. കഴിഞ്ഞ കുറച്ച് കാലമായി മോശം കാലഘട്ടത്തിലൂടെ പോകുന്ന ടീമിന്റെ പുതിയ കോച്ചും സെലക്ടറുമായി മിസ്ബയോടും ടി20 നായകന്‍ ബാബര്‍ അസമിനോടുമുള്ള റമീസിന്റെ ഉപദേശം പുതുമുഖ താരങ്ങള്‍ക്ക് ടി20യില്‍ അവസരം നല്‍കണമെന്നാണ്.

മിക്കി ആര്‍തറിന് ശേഷം കോച്ചായി എത്തിയ മിസ്ബ ആദ്യ പരമ്പരയ്ക്ക് ശേഷം ടി20യില്‍ നിന്ന് സര്‍ഫ്രാസിനെ ഒഴിവാക്കിയിരുന്നു. പിന്നീടുള്ള പരമ്പരയില്‍ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഒഴിവാക്കിയ പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്.

ഇതിന് ശേഷവും ഫലം വ്യത്യസ്തമാകാതിരുന്നപ്പോള്‍ ഹഫീസും മാലിക്കും തിരികെ ടീമിലേക്ക് എത്തി. എന്നാല്‍ റമീസ് രാജയുടെ അഭിപ്രായത്തില്‍ ടി20യില്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടതെന്നാണ്. ടി20 ഫോര്‍മാറ്റ് തന്നെ യുവതാരങ്ങള്‍ക്കുള്ളതാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീനിയര്‍ താരങ്ങളെ ഒഴിവാക്കേണ്ട സമയം കഴിഞ്ഞുവെന്നും റമീസ് രാജ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ബോര്‍ഡും മിസ്ബയും പാക്കിസ്ഥാന്റെ ഭാവിയെ മുന്‍ നിര്‍ത്തിയുള്ള ടീം സെലക്ഷനാണ് നടത്തേണ്ടതെന്നും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിക്കുന്ന ഒട്ടനവധി പ്രതിഭകള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിലുണ്ടെന്നും റമീസ് രാജ വ്യക്തമാക്കി.