പാക്കിസ്ഥാന്‍ 169 റണ്‍സിന് പുറത്ത്, യസീര്‍ ഷാ ടോപ് സ്കോറര്‍, ഇംഗ്ലണ്ടിന് 277 റണ്‍സ് വിജയ ലക്ഷ്യം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 277 റണ്‍സ് വിജയ ലക്ഷ്യം. ഇന്നലത്തെ സ്കോറായ 137/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 32 റണ്‍സ് കൂടിയാണ് നേടിയത്. യസീര്‍ ഷായുടെ അതിവേഗ സ്കോറിംഗ് ആണ് പാക്കിസ്ഥാനെ 276 റണ്‍സ് ലീഡിലേക്ക് നയിച്ചത്. ജോഫ്രയെയും സ്റ്റുവര്‍ട് ബ്രോഡിനെയും പലവട്ടം അതിര്‍ത്തി കടത്തിയ താരത്തിനെ ബ്രോഡ് ആണ് പുറത്താക്കിയത്.

24 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ യസീര്‍ ഷാ 5 ഫോറും ഒരു സിക്സുമാണ് നേടിയത്. യസീര്‍ ഷായാണ് ടീമിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. തൊട്ടടുത്ത ഓവറില്‍ നസീം ഷായെ ജോഫ്ര പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 169 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് മൂന്നും ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടും വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.