യുവന്റസ് പിറകോട്ട് മാത്രം, സാരിയുടെ പണി പോകുമോ!!

യുവന്റസിൽ ആദ്യ സീസണിൽ തന്നെ ലീഗ് കിരീടം നേടാൻ ആയി എങ്കിലും പരിശീലകൻ സാരി യുവന്റസ് ആരാധകർക്ക് ഒട്ടും പ്രതീക്ഷ നൽകുന്നില്ല. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു സാരി യുവന്റസ് പരിശീലകനായി എത്തിയത്. പതിവ് പോലെ യുവന്റസ് സീരി എ കിരീടം നേടി എങ്കിലും വേറെ ഒരു കിരീടവും യുവന്റസിന് നേടാനായില്ല. സീരി എയിൽ ബാക്കിയുള്ള ടീമുകൾ ഒക്കെ അത്രയും മോശം പ്രകടനം കാഴ്ചവെച്ചതാണ് യുവന്റസിന് സഹായമായത്.

മുമ്പ് നാപോളിയിൽ കണ്ട സാരിയുടെ മനോഹര ഫുട്ബോൾ ഒന്നും യുവന്റസിൽ ആദ്യ സീസണിൽ കാണാൻ ആയില്ല. റൊണാൾഡോയുടെയും ഡിബാലയുടെയും വ്യക്തിഗത മികവ് മാത്രമാണ് പലപ്പോഴും യുവന്റസിനെ രക്ഷിച്ചത്. യുവന്റസിന്റെ ഫുട്ബോൾ ശൈലി ഈ സീസണിൽ യൂറോപ്പിൽ ലീഗ് ചാമ്പ്യന്മാരായ മറ്റേത് ക്ലബിനേക്കാളും വിരസമായിരുന്നു. യുവന്റസ് മധ്യനിര ഒരു ഫോർവേഡ് പാസ് പോലും ചെയ്യാൻ പറ്റാതെ കഷ്ടപ്പെടുന്നതും കാണാൻ കഴിഞ്ഞു. എന്നും മികവ് കാണിക്കുന്ന യുവന്റസിന്റെ ഡിഫൻസിനും ഈ സീസണിൽ കാര്യങ്ങൾ പിഴച്ചു.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് കൂടെ പുറത്തായതോടെ സാരിയെ പുറത്തിറക്കണം എന്ന് യുവന്റസ് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കണാതെ മടങ്ങുന്നത്. യുവന്റസിന്റെ സ്ക്വാഡ് മോശമാണ് എന്നത് ഒരു സത്യമാണ് എങ്കിലും സാരിക്ക് ആ വിഷയത്തിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സാരിയെ മാറ്റി പോചടീനോയെ കൊണ്ടു വരും എന്ന് ഇപ്പോൾ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്തായാലും സീസൺ അവലോകനം നടത്തിയ ശേഷം മാത്രമെ യുവന്റസ് ബോർഡ് ഒരു തീരുമാനത്തിൽ എത്തുകയുള്ളൂ.