രണ്ടാഴ്ച ക്വാറന്റീന്‍ കാലം എന്ന മാനദണ്ഡം ഓസ്ട്രേലിയ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സൗരവ് ഗാംഗുലി

- Advertisement -

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂര്‍ വിചാരിച്ച പോലെ ഡിസംബറില്‍ തന്നെ നടക്കുമെങ്കിലും താരങ്ങള്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റീന്‍ എന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. നാല് ടെസ്റ്റുകള്‍ക്കായാണ് ഇന്ത്യ ഡിസംബര്‍-ജനുവരി കാലഘട്ടത്തില്‍ ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്നത്. ബ്രിസ്ബെയിന്‍, അഡിലെയ്ഡ്, മെല്‍ബേണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ ടീമുകളും 14 ദിവസത്തെ ക്വാറന്റീനാണ് വിധേയരാകുന്നത്. ഇംഗ്ലണ്ടിലെത്തിയ വിന്‍ഡീസ്, പാക്കിസ്ഥാന്‍ ടീമുകളും ഈ മാനദണ്ഡം പാലിച്ചിരുന്നു. അപ്പോളാണ് ഇന്ത്യയ്ക്ക് ഇളവ് നല്‍കണമെന്ന ഗാംഗുലിയുടെ ആവശ്യം. താരങ്ങള്‍ക്ക് രണ്ടാഴ്ചയോളം ഹോട്ടല്‍ മുറിയില്‍ കഴിയേണ്ടി വരുന്നത് വളരെ മാനസിക സമ്മര്‍ദ്ദവും നിരാശാജനകവുമായ കാര്യമാണെന്നാണെന്നും ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയയില്‍ മെല്‍ബേണില്‍ ഒഴികെ ബാക്കി സ്ഥലങ്ങളിലെല്ലാം സ്ഥിതി നിയന്ത്രണത്തിലാണെന്നതും നല്ല കാര്യമാണെന്ന് ഗാംഗുലി വ്യക്തമാക്കി. ക്വാറന്റീന്‍ ദിനങ്ങളുടെ എണ്ണം മാത്രമാണ് ഇപ്പോള്‍ ഒരു വിഷയമായി നില്‍ക്കുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

Advertisement