ന്യൂസിലാണ്ട് 249 റണ്‍സിനു ഓള്‍ഔട്ട്, പാക്കിസ്ഥാന് വിജയിക്കുവാന്‍ 176 റണ്‍സ്

- Advertisement -

അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു 176 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 249 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇത്. ഒരു ഘട്ടത്തില്‍ 220/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 29 റണ്‍സ് നേടുന്നതിനിടെ ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്. ഹസന്‍ അലിയും യസീര്‍ ഷായും 5 വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ പുറത്താക്കിയത്.

ഹെന്‍റി നിക്കോളസ്-ബിജെ വാട്ട്ളിംഗ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 112 റണ്‍സിന്റെ ബലത്തില്‍ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുമെന്ന് കരുതിയെങ്കിലും പൊടുന്നനെയായിരുന്നു സന്ദര്‍ശകരുടെ തകര്‍ച്ച. നിക്കോളസ് 55 റണ്‍സ് നേടി പുറത്തായപ്പോള്‍ വാട്ട്‍ളിംഗ് 59 റണ്‍സുമായി പുറത്തായി. ഓപ്പണര്‍ ജീത്ത് റാവല്‍ 46 റണ്‍സും കെയിന്‍ വില്യംസണ്‍ 37 റണ്‍സും നേടി ന്യൂസിലാണ്ട് നിരയില്‍ പുറത്തായി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 37 റണ്‍സാണ് എട്ടോവറില്‍ നിന്ന് നേടിയിട്ടുള്ളത്. ഇമാം ഉള്‍ ഹക്ക് 25 റണ്‍സും മുഹമ്മദ് ഹഫീസ് 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു. മത്സരം വിജയിക്കുവാന്‍ രണ്ട് ദിവസം ശേഷിക്കെ 139 റണ്‍സാണ് പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ പാക്കിസ്ഥാന്‍ നേടേണ്ടത്.

Advertisement