ചരിത്രം കുറിച്ച് നേപ്പാള്‍, കന്നി ഏകദിന പരമ്പര സ്വന്തമാക്കി, നേപ്പാളിനായി കന്നി ശതകവുമായി പരസ് ഖഡ്ക

നേപ്പാളിനെ ചരിത്രമായി മാറിയ ഏകദിന വിജയത്തിലേക്ക് നയിച്ച് ക്യാപ്റ്റന്‍ പരസ് ഖഡ്ക. ഇന്ന് യുഎഇയുടെ 254/6 എന്ന സ്കോര്‍ 32 പന്ത് ബാക്കി നില്‍ക്കെ മറികടന്നാണ് 2-1 എന്ന മാര്‍ജിനില്‍ തങ്ങളുടെ ആദ്യത്തെ ഏകദിന പരമ്പര വിജയം ഉറപ്പാക്കിയത്. ദുബായിയിലെ ഐസിസി അക്കാഡമിയില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഇന്ന് നേടിയ 255/6 എന്ന സ്കോര്‍. മാര്‍ച്ച് 15 2018നാണ് നേപ്പാളിനു ഏകദിന പദവി ലഭിയ്ക്കുന്നത്. അതിനു ശേഷം നെതര്‍ലാണ്ട്സുമായി പരമ്പര കളിച്ചുവെങ്കിലും അന്ന് ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് നില്‍ക്കുകയായിരുന്നു.

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്ക് വേണ്ടി ഷൈമാന്‍ അനവര്‍ 87 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. മുഹമ്മദ് ബൂട്ട(59*), സിപി റിസ്വാന്‍(45) എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഉസ്മാന്‍ 26 റണ്‍സുമായി ബാറ്റ് വീശിയാണ് യുഎഇയെ 254/6 എന്ന സ്കോറിലേക്ക് 50 ഓവറില്‍ നിന്ന് എത്തിച്ചത്. നേപ്പാളിനായി കെസി കരണ്‍, പരസ് ഖഡ്ക എന്നിവര്‍ രണ്ടും സോംപാല്‍ കമി, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചേസിംഗില്‍ 109 പന്തില്‍ നിന്ന് 115 റണ്‍സ് നേടിയ പരസ് ഖഡ്കയുടെ ഇന്നിംഗ്സാണ് മത്സരം നേപ്പാളിനു അനുകൂലമായി മാറ്റിയത്. ഗ്യാനേന്ദ്ര മല്ല 31 റണ്‍സ് നേടിയപ്പോള്‍ ആരിഫ് ഷെയ്ഖ്(21*)-സോംപാല്‍ കമി(26*) കൂട്ടുകെട്ടാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. 44.4 ഓവറില്‍ നിന്നാണ് നേപ്പാളിന്റെ ചരിത്രം കുറിച്ച വിജയം. രണ്ട് വീതം വിക്കറ്റുമായി ആഷ്ഫാക് അഹമ്മദ്, ഇമ്രാന്‍ ഹൈദര്‍ എന്നിവര്‍ യുഎഇ ബൗളര്‍മാരില്‍ മികവ് പുലര്‍ത്തി.