സൗത്താംപ്ടണില്‍ ഇനിയും ഫലം സാധ്യമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, പാക്കിസ്ഥാന്‍ ടീമിലെ നിര്‍ണ്ണായക സ്വാധീനം ആവുക മുഹമ്മദ് അബ്ബാസ്

- Advertisement -

സൗത്താംപ്ടണില്‍ ആദ്യ മൂന്ന് ദിവസത്തിലും കളി നടക്കുന്നത് വളരെ കുറവായിരുന്നു. മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമാകുന്നതാണ് ഇന്ന് കണ്ടത്. അതേ സമയം മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. മുഹമ്മദ് അബ്ബാസിന് പാക്കിസ്ഥാന് വേണ്ടി മത്സരത്തില്‍ തിളങ്ങാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വോണ്‍ വ്യക്തമാക്കി.

എന്നാല്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഓരോ ഇന്നിംഗ്സുകള്‍ വേണ്ടെന്ന് വെച്ചാല്‍ മാത്രമേ ഫലം ഉണ്ടാകൂ എന്നതാണ് വിലയിരുത്തപ്പെടുന്നത്. സ്വിംഗും കൃത്യതയുമുള്ള മുഹമ്മദ് അബ്ബാസിനെ പോലെയുള്ള ബൗളര്‍മാരെ പിന്തുണയ്ക്കുന്നതാണ് സൗത്താംപ്ടണിലെ പിച്ചെന്നാണ് വോണിന്റെ പക്ഷം.

പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. ഇംഗ്ലണ്ട് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ടെസ്റ്റ് വിക്കറ്റാണ് സൗത്താംപ്ടണിലെ എന്ന് പറഞ്ഞ വോണ്‍ പിച്ചിലെ പുല്ലിന്റെ ആധിക്യവും സീം മൂവ്മെന്റും മത്സരത്തെ ആവേശകരമാക്കുമെന്നാണ് പറഞ്ഞത്.

പാക്കിസ്ഥാന്റെ പേസര്‍മാരായ നസീം ഷായ്ക്കും ഷഹീന്‍ അഫ്രീദിയ്ക്കും അബ്ബാസിന് പിന്തുണ നല്‍കുവാന്‍ കഴിഞ്ഞാല്‍ തന്നെ മത്സരം ആവേശകരമാകുമെന്നാണ് വോണ്‍ വ്യക്തമാക്കിയത്.

Advertisement