മാനസിക സംഘര്‍ഷം മൂലമുള്ള താരങ്ങളുടെ പിന്മാറ്റത്തെ തെറ്റായ രീതിയില്‍ കാണേണ്ടതില്ല

Sports Correspondent

ലോക ക്രിക്കറ്റില്‍ നിന്ന് ഈ അടുത്തായി ഒട്ടനവധി താരങ്ങളാണ് മാനസിക സംഘര്‍ഷം മൂലം ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തത്. ഇതിനെ തെറ്റായ രീതിയില്‍ വീക്ഷിക്കേണ്ട ഒന്നല്ലെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെടുന്നത്. ഗ്ലെന്‍ മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീണ്ട അവധിയെടുക്കുവാന്‍ തീരുമാനിച്ചതിനെ പ്രകീര്‍ത്തിക്കുവാനും കോഹ്‍ലി മറന്നില്ല. മാക്സ്വെല്ലിന്റേത് ധീരമായ തീരുമാനമാണെന്നും ഇത് തുറന്ന് പറയുവാനുള്ള താരത്തിന്റെ ധൈര്യം മറ്റു താരങ്ങള്‍ക്കും പ്രഛോദനമാകേണ്ടതാണെന്ന് കോഹ്‍ലി പറഞ്ഞു.

മാക്സ്വെല്‍ പാക്കിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കിടെ പിന്മാറിയപ്പോള്‍ അതിന് പിന്നാലെ നിക് മാഡ്ഡിന്‍സണ്‍ ഓസ്ട്രേലിയ എ ഫിക്സ്ച്ചറില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇരുവര്‍ക്കും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഇത്തരത്തിലൊരു സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങളും ഇതു പോലെ മുന്നോട്ട് വരണമെന്നും ബോര്‍ഡ് അവര്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്നും കോഹ്‍ലി സൂചിപ്പിച്ചു.

2014ലെ ഇംഗ്ലണ്ട് ടൂറില്‍ തനിക്ക് മോശം ഫോം നേരിട്ടപ്പോള്‍ ഇതുപോലെ ബ്രേക്ക് എടുക്കുവാന്‍ ആവുമായിരുന്നില്ല. താന്‍ അന്ന് അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ ടീമിനും ഇന്ത്യന്‍ ക്രിക്കറ്റിനും വിലയേറിയ താരമാണെങ്കില്‍ അവരെ വേണ്ട രീതിയില്‍ പരിഗണിച്ച് മുന്നോട്ട് പോകേണ്ടത് ബോര്‍ഡിന്റെ കടമയാണെന്നും കോഹ്‍ലി വ്യക്തമാക്കി.