എംസിജിയിലെ തയ്യാറെടുപ്പുകളില്‍ വിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

അപകടകരമായ പിച്ച് കാരണം ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം ഉപേക്ഷിച്ചുവെങ്കിലും എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും കളിക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കൊന്നും പറ്റാത്തത് വലിയ കാര്യമാണെന്നും അതില്‍ നിന്ന് വളരെ വലിയ പാഠമാണ് തങ്ങള്‍ പഠിച്ചതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ റോബര്‍ട്സ് വെളിപ്പെടുത്തി. ക്യുറേറ്റര്‍ മാറ്റ് പേജ് തന്റെ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണെന്നും ബോക്സിംഗ് ഡേ ടെസ്റ്റില്‍ അദ്ദേഹത്തില്‍ നിന്ന് വരുന്ന പിച്ചിനെ ഞങ്ങള്‍ ഉറ്റുനോക്കുകയാണെന്നും റോബര്‍ട്സ് പറഞ്ഞു.

ബാറ്റും ബോളും തമ്മില്‍ മികച്ച പോരാട്ടമാവും എംസിജിയില്‍ കാണാനാകുകയെന്ന് തങ്ങള്‍ക്ക് വിശ്വാസമാണെന്നും കെവിന്‍ റോബര്‍ട്സ് അവകാശപ്പെട്ടു. അന്ന് നടന്ന അതേ പിച്ചായിരിക്കില്ല ഓസ്ട്രേലിയ-ന്യൂസിലാണ്ട് ടെസ്റ്റ് മത്സരത്തില്‍ ഉപയോഗിക്കുകയെന്ന് റോബര്‍ട്സ് വെളിപ്പെടുത്തി.