എംസിജി, മൂന്നാം ടെസ്റ്റിനായുള്ള കരുതല്‍ വേദി

ഓസ്ട്രേലിയ ഇന്ത്യ പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്നിയിലാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി സിഡ്നിയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേദി മാറ്റം ഇല്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരിക്കുന്നതെങ്കിലും എംസിജിയെ കരുതല്‍ വേദിയായി ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

നിലവില്‍ ടെസ്റ്റില്‍ വേദി മാറ്റത്തിനുള്ള സാഹചര്യമില്ലെങ്കിലും ഇനിയങ്ങോട്ട് കാര്യങ്ങള്‍ വിഷമകരമാകുകയാണെങ്കില്‍ ഓസ്ട്രേലിയന്‍ ബോര്‍ഡ് അതിന് സജ്ജമാണെന്നും മത്സരം മെല്‍ബേണില്‍ നടക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.

പരമ്പരയിലെ രണ്ടാം മത്സരം മെല്‍ബേണില്‍ തന്നെയാണ് നടക്കുന്നത്. മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങള്‍ യഥാക്രമം സിഡ്നിയിലും ബ്രിസ്ബെയിനിലുമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.