ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് മാക്സ്വെല്‍ – കാറെ കൂട്ടുകെട്ട്

- Advertisement -

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടീം 73/5 എന്ന നിലയില്‍ പ്രതിരോധത്തിലായി നിന്ന ശേഷം ആറാം വിക്കറ്റില്‍ അലെക്സ് കാറെ- ഗ്ലെന്‍ മാക്സ്വല്‍ കൂട്ടുകെട്ട് നേടിയ 212 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്നത്.

ഓസ്ട്രേലിയയുടെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. മൂന്നാം ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ(12) നഷ്ടമായ ടീമിന് അധികം വൈകാതെ മാര്‍ക്കസ് സ്റ്റോയിനിസിനെയും(4), ഡേവിഡ് വാര്‍ണറെയും(24) നഷ്ടമായി. ക്രിസ് വോക്സും ജോ റൂട്ടും രണ്ട് വീതം വിക്കറ്റ് നേടി ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിനെ കശക്കിയെറിഞ്ഞപ്പോള്‍ ടീം വലിയ തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ചു.

പിന്നീട് അവിശ്വസനീയമായ തിരിച്ചുവരവ് ഓസ്ട്രേലിയ നടത്തുന്നതാണ് മത്സരത്തില്‍ കണ്ടത്. ഗ്ലെന്‍ മാക്സ്വെല്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം ആദില്‍ റഷീദിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ലക്ഷ്യം പിന്നെയും അകലെയായിരുന്നു. 90 പന്തില്‍ നിന്ന് 7 സിക്സും 4 ഫോറും സഹിതമാണ് മാക്സ്വെല്‍ തന്റെ 108 റണ്‍സ് നേടിയത്.

മാക്സ്വെല്‍ പുറത്തായ ശേഷം അലെക്സ് കാറെ തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും(106) ഒരോവര്‍ അവശേഷിക്കെ താരം പുറത്തായി. അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് വിജയിക്കുവാന്‍ 10 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയുവാനുള്ള ദൗത്യം ആദില്‍ റഷീദിനാണ് ഓയിന്‍ മോര്‍ഗന്‍ നല്‍കിയത്. ക്രീസിലുണ്ടായിരുന്നത് മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും.

ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തിയ സ്റ്റാര്‍ക്ക് അടുത്ത പന്തില്‍ ഒരു സിംഗിള്‍ നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സ് തിരികെ സ്ട്രൈക്ക് സ്റ്റാര്‍ക്കിന് നല്‍കി. നാലാം പന്ത് ബൗണ്ടറി കടത്തി ഓസ്ട്രേലിയയ്ക്കായി 3 വിക്കറ്റ് വിജയം സ്റ്റാര്‍ക്ക് സ്വന്തമാക്കുകയായിരുന്നു. താരം 3 പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയത്തോടെ ഓസ്ട്രേലിയ 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കി. ഗ്ലെന്‍ മാക്സ്വെലിനെ കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുത്തു.

 

Advertisement