പലരും യുവരാജിനെ പിന്നില്‍ നിന്ന് കുത്തിയിട്ടുണ്ട് – യോഗ്‍രാജ് സിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2019 ലോകകപ്പിനിടെയാണ് യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അതിന് ശേഷം പല വെളിപ്പെടുത്തലുകള്‍ നടത്തിയ താരം തനിക്ക് ധോണിയില്‍ നിന്നോ കോഹ്‍ലിയില്‍ നിന്നോ അല്ല പകരം സൗരവ് ഗാംഗുലിയില്‍ നിന്നാണ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും അധികം പിന്തുണ ലഭിച്ചതെന്നാണ് പറഞ്ഞത്. ഇപ്പോള്‍ മുമ്പ് പലതവണ ധോണിയെ ലക്ഷ്യം വെച്ച് പല കമന്റുകളും പറയുന്ന യുവരാജിന്റെ പിതാവ് യോഗ്‍രാജ് സിംഗ് ഇപ്പോള്‍ ഇത് ഏറ്റ് പിടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ യുവരാജിന്റെ അവസാന കാലത്ത് സ്ഥാനം നല്‍കാതിരുന്നത് ധോണിയുടെ ഇടപെടല്‍ മൂലമാണെന്ന് മുമ്പ് യോഗ്‍രാജ് ആരോപിച്ചിട്ടുണ്ട്. ഇപ്പോള്‍ ധോണിയെയും വിരാട് കോഹ്‍ലിയെയും നേരിട്ടല്ലാതെയാണ് യോഗ്‍രാജ് ലക്ഷ്യം വെച്ചിരിക്കുന്നത്. ധോണിയ്ക്കും കോഹ്‍ലിയ്ക്കുമൊപ്പം സെലക്ടര്‍മാരും യുവരാജിന് ഒരു യാത്രയയപ്പ് മത്സരം നല്‍കാതെ ചതിയ്ക്കുകയായിരുന്നുവെന്നാണ് യോഗ്‍രാജ് ആരോപിക്കുന്നത്.

ധോണിയോ കോഹ്‍ലിയോ രോഹിത്തോ റിട്ടയര്‍ ചെയ്യുകയാണെങ്കില്‍ താന്‍ ബോര്‍ഡിനോട് അവര്‍ക്ക് യാത്രയയപ്പ് മത്സരം നല്‍കണമെന്ന് ആവശ്യപ്പെടും. ഇന്ത്യയ്ക്കായി വലിയ കാര്യങ്ങള്‍ ക്രിക്കറ്റില്‍ ചെയ്തിട്ടുള്ള താരങ്ങള്‍ക്കെല്ലാം ആ അവസരം നല്‍കണം. പക്ഷേ യുവരാജിനെ പലരും പിന്നില്‍ നിന്ന് കുത്തിയിട്ടുണ്ടെന്നും അത് വേദനിക്കുന്നുവെന്നും യോഗ്‍രാജ് വെളിപ്പെടുത്തി.

ഇന്ത്യന്‍ സെലക്ടര്‍മാരില്‍ ശരണ്‍ദീപ് സിംഗ് ആണ് യുവരാജിനെ ടീമില്‍ നിന്ന് പുറത്താക്കുവാന്‍ ഏറ്റവും അധികം തവണ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ക്രിക്കറ്റിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയാത്തവരെ സെലക്ടര്‍മാരായി തിരഞ്ഞെടുക്കുന്ന ബിസിസിഐയെയാണ് ഈ കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടതെന്നും ഇവരില്‍ നിന്ന് എന്താണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നതെന്നും അറിയില്ലെന്നും യോഗ്‍രാജ് പറഞ്ഞു.