വെടിക്കെട്ട് ശതകവുമായി ദാവിദ് മലന്‍, ഒപ്പം കൂടി ഓയിന്‍ മോര്‍ഗന്‍, ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍

0
വെടിക്കെട്ട് ശതകവുമായി ദാവിദ് മലന്‍, ഒപ്പം കൂടി ഓയിന്‍ മോര്‍ഗന്‍, ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍
Photo Credits: Twitter/Getty

ന്യൂസിലാണ്ടിനെതിരെയുള്ള നാലാം ടി20 മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും ദാവിദ് മലന്റെയും വെടിക്കെട്ട് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ നിന്ന് 241 റണ്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് ജോണി ബൈര്‍സ്റ്റോയുടെ വിക്കറ്റ് വേഗത്തില്‍ നേടുവാനായിരുന്നു. 31 റണ്‍സ് നേടിയ ടോം ബാന്റണിന്റെ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 7.2 ഓവറില്‍ 58 റണ്‍സായിരുന്നു. ഇരു വിക്കറ്റും നേടിയത് മിച്ചല്‍ സാന്റനര്‍ ആയിരുന്നു.

പിന്നീട് ക്രീസിലെത്തിയ മലന്‍-മോര്‍ഗന്‍ കൂട്ടുകെട്ട് മത്സരം ന്യൂസിലാണ്ടില്‍ നിന്ന് തട്ടിയെടുക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് ന്യൂസിലാണ്ട് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ നൂറ് റണ്‍സ് കൂട്ടുകെട്ട് നേടുവാന്‍ 48 പന്ത് മാത്രമാണ് കൂട്ടുകെട്ടിന് നേരിടേണ്ടി വന്നത്. 41 പന്തില്‍ മോര്‍ഗന്‍ 91 റണ്‍സ് നേടിയപ്പോള്‍ 51 പന്തില്‍ നിന്ന് 103 റണ്‍സുമായി മലനും ക്രീസില്‍ കസറി. 182 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്.

അവസാന ഓവറില്‍ മലന്‍ ഉഗ്രരൂപം പൂണ്ടതോടെ ഇംഗ്ലണ്ട് സ്കോര്‍ 200ഉം കടന്ന് മുന്നേറി. 48 പന്തില്‍ നിന്ന് ശതകം പൂര്‍ത്തിയാക്കി മലന്‍ 103 റണ്‍സുമായി പുറത്താകാതെ നിന്നു.

No posts to display