നജീബുള്‍ സദ്രാന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

- Advertisement -

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യില്‍ 11 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നോയിഡയില്‍ നടന്ന മത്സരത്തില്‍ അയര്‍ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സ് നേടിയപ്പോള്‍ ചേസിംഗില്‍ അഫ്ഗാനിസ്ഥാന്‍ 15 ഓവറില്‍ 133/5 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളിയില്‍ തടസ്സം സൃഷ്ടിച്ചത്. ഇതോടെ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ 70/4 ന്ന നിലയില്‍ പരുങ്ങലിലായ അഫ്ഗാനിസ്ഥാനെ സമീയുള്ള ഷിന്‍വാരിയും 21 പന്തില്‍ 42 റണ്‍സ് നേടിയ നജീബുള്ള സദ്രാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കളി തടസ്സപ്പെടുന്നതിന് തൊട്ടുമുമ്പ് 28 റണ്‍സ് നേടിയ ഷിന്‍വാരി പുറത്തായെങ്കിലും അത് ടീമിന് തിരിച്ചടിയായില്ല. 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഓപ്പണര്‍മാര്‍ അഫ്ഗാനിസ്ഥാന് മിന്നല്‍ തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 54 റണ്‍സാണ് റഹ്മാനുള്ള ഗുര്‍ബാസ്(13 പന്തില്‍ 28), ഹസ്രത്തുള്ള സാസായി കൂട്ടുകെട്ട് നേടിയത്. സാസായി 15 പന്തില്‍ 23 റണ്‍സ് നേടി. 54/0 എന്ന നിലയില്‍ നിന്ന് 55/3 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീഴുകയായിരുന്നു. അയര്‍ലണ്ടിന് വേണ്ടി സിമി സിംഗ് 2 വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിന് വേണ്ടി 41 പന്തില്‍ 60 റണ്‍സുമായി ടോം സ്റ്റിര്‍ലിംഗ് ടോപ് സ്കോറര്‍ ആയി. കെവിന്‍ ഒബ്രൈന്‍(35), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29), ഹാരി ടെക്ടര്‍(29*) എന്നിവരാണ് അയര്‍ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisement