സ്മിത്തിനും പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിഡ്നി ടെസ്റ്റിലെ സംഭവങ്ങള്‍ക്ക് ശേഷം സ്മിത്തിനും ടിം പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍. സാന്‍ഡ്പേപ്പര്‍ ഗേറ്റിന് ശേഷം ഓസ്ട്രേലിയ കളിക്കളത്തില്‍ കാണിക്കണമെന്ന് പറഞ്ഞ് മാന്യതയില്‍ നിന്ന് ഇരു താരങ്ങളും പിന്നോട്ട് പോയെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നതെങ്കിലും ഇരു താരങ്ങള്‍ക്കും പിന്തുണ നല്‍കുകയാണ് ടീം മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ടിം പെയിന്‍ അശ്വിനുമായി നിരന്തരം പ്രകോപനം സൃഷ്ടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ സ്മിത്ത് ഋഷഭ് പന്തിന്റെ ഗാര്‍ഡ് മായ്ക്കുവാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്റ്റംപ് ക്യാമറയില്‍ നിന്ന് കണ്ടത്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയ ഒരു സംസ്കാരം സൃഷ്ടിക്കുക എന്നതാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സിഡ്നിയിലെ അവസാന ദിവസത്തെ സംഭവ വികാസങ്ങള്‍ അതില്‍ നിന്ന് പിന്നോട്ട് പോകുന്നതാണെന്നും ലാംഗര്‍ സമ്മതിച്ചു. തങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തി വന്ന നല്ല കാര്യങ്ങളെ വലിയ തോതില്‍ ഈ സംഭവങ്ങള്‍ ബാധിക്കുന്നുണ്ടെന്നും ലാംഗര്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് ടിം പെയിനിനെ വലിയ വിശ്വാസമാണെന്നും അദ്ദേഹം തന്റെ മികച്ച ക്രിക്കറ്റ് അല്ല കളിച്ചതെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിനെ നയിച്ച വിധം അദ്ദേഹത്തെ ഓസ്ട്രേലിയയുടെ മികച്ച നായകന്മാരില്‍ ഒരാളാക്കുന്നുവെന്നും ലാംഗര്‍ പറഞ്ഞു. സിഡ്നിയിലെ അവസാന ദിവസം അദ്ദേഹത്തിന് ക്യാപ്റ്റനെന്ന നിലയിലും കീപ്പറെന്ന നിലയിലും ഒരു മോശം ദിവസമായി മാത്രം കണക്കാക്കാവുന്നതാണെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു.

സ്മിത്ത് അത് ഷാഡോ ബാറ്റിംഗിന്റെ ഭാഗമായി ചെയ്യുന്ന കാര്യമാണെന്നും അത് മനപ്പൂര്‍വ്വം ഗാര്‍ഡ് മായ്ക്കുവാന്‍ വേണ്ടി ചെയ്തതാണെന്നതിനെ താന്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്നും അല്ലാതെ സ്മിത്തിന് വേറെ ദുരുദ്ദേശ്യം അവിടെയുണ്ടായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും ലാംഗര്‍ വ്യക്തമാക്കി.

സ്മിത്തിനെ അറിയാവുന്നവര്‍ക്കെല്ലാം സ്മിത്ത് ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യുമെന്നത് അറിയാമെന്നും അദ്ദേഹം ബാറ്റിംഗിനെക്കുറിച്ച് എപ്പോളും ചിന്തിക്കുന്ന ഒരു വ്യക്തിയാണെന്നും ലാംഗര്‍ സൂചിപ്പിച്ചു. സ്മിത്ത് എന്തെങ്കിലും തെറ്റായ കാര്യം ചെയ്തതാണെന്ന് പറയുന്നവര്‍ക്കെല്ലാം സ്ഥിരബുദ്ധിയില്ലെന്ന് മാത്രമേ താന്‍ പറയുകയുള്ളുവെന്ന് ലാംഗര്‍ അഭിപ്രായപ്പെട്ടു.