8 വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ടിന്റെ ലീഡ് വെറും 10 റൺസ്

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 103/8 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ കൈവശം വെറും 10 റൺസിന്റെ ലീഡ് മാത്രമാണുള്ളത്.

കൈൽ മയേഴ്സ് അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ നടുവൊടിക്കുകയായിരുന്നു. താരം 13 ഓവറിൽ വെറും 9 റൺസ് മാത്രം വിട്ട് നല്‍കിയാണ് ഈ സ്കോര്‍ നേടിയത്. ആദ്യ ഇന്നിംഗ്സിലും 114/9 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ സാഖിബ് മഹമ്മൂദ് – ജാക്ക് ലീഷ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും അലക്സ് ലീസ് 31 റൺസ് നേടിയപ്പോള്‍ 22 റൺസ് നേടിയ ജോണി ബൈര്‍സ്റ്റോ ആണ് രണ്ടക്ക സ്കോറിലേക്ക് എത്തിയ മറ്റൊരു താരം.

നേരത്തെ ജോഷ്വ ഡാ സിൽവ പുറത്താകാതെ നേടിയ ശതകത്തിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 297 റൺസ് ഒന്നാം ഇന്നിംഗ്സിൽ നേടിയിരുന്നു. കെര്‍ റോച്ച്(25), ജെയ്ഡന്‍ സീൽസ്(13) എന്നിവരും താരത്തിന്റെ ശതകത്തിനായി മറുവശത്ത് നിന്ന് സഹായിച്ചു.