അരങ്ങേറ്റത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകവുമായി ക്രുണാല്‍ പാണ്ഡ്യ

ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടി ക്രുണാല്‍ പാണ്ഡ്യ. ഇന്ന് തന്റെ 26 പന്തില്‍ നിന്നുള്ള ഇംഗ്ലണ്ടിനെതിരെയുള്ള അര്‍ദ്ധ ശതകത്തിനിടെയാണ് ക്രുണാലിന്റെ ഈ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം.

ബാറ്റിംഗില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ശേഷമാണ് താരത്തിന്റെ ഈ നേട്ടം. 57 പന്തില്‍ നിന്ന് 112 റണ്‍സ് കൂട്ടുകെട്ട് രാഹുലുമായി നേടിയാണ് ക്രുണാല്‍ ഇന്ത്യയെ ഇന്ന് 317/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.

ക്രുണാല്‍ 31 പന്തില്‍ 58 റണ്‍സും രാഹുല്‍ 43 പന്തില്‍ 62 റണ്‍സുമാണ് നേടിയത്. രാഹുല്‍ 4 സിക്സും 4 ഫോറും നേടിയപ്പോള്‍ ക്രുണാല്‍ 7 ഫോറും 2 സിക്സും നേടി.