ന്യൂസിലാണ്ടിന്റെ രക്ഷകരായി വില്യംസണ്‍-റോസ് ടെയിലര്‍ കൂട്ടുകെട്ട്

ഹാമിള്‍ട്ടണില്‍ രണ്ടാം ഇന്നിംഗ്സിലെ തകര്‍ച്ചയില്‍ നിന്ന് ന്യൂസിലാണ്ടിനെ കരകയറ്റി കെയിന്‍ വില്യംസണ്‍-റോസ് ടെയിലര്‍ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്. നാലാം ദിവസം അവസാനിക്കുമ്പോല്‍ ന്യൂസിലാണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 96/2 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ടിന്റെ ലീഡിനൊപ്പമെത്തുവാന്‍ ന്യൂസിലാണ്ട് 5 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ജീത്ത് റാവലിനെ പൂജ്യത്തിനും ടോം ലാഥമിനെ 18 റണ്‍സിനും നഷ്ടമായി 28/2 എന്ന നിലയില്‍ നില്‍ക്കവെയാണ് ന്യൂസിലാണ്ടിന്റെ രക്ഷകരായി സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും ക്രീസില്‍ നിലയുറപ്പിക്കുന്നത്. വില്യംസണ്‍ 37 റണ്‍സും റോസ് ടെയിലര്‍ 31 റണ്‍സുമാണ് നേടിയിട്ടുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ 375 റണ്‍സ് നേടിയ ന്യൂസിലാണ്ടിനെതിരെ 476 റണ്‍സ് നേടി 101 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ഒരു ദിവസം മാത്രം അവശേഷിക്കെ ഹാമിള്‍ട്ടണില്‍ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണെന്ന് വേണം വിലയിരുത്തപ്പെടുവാന്‍.

Previous articleഅണ്ടര്‍ 19 ലോകകപ്പ് – പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും
Next articleലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേൾഡ് XI – ഏഷ്യൻ XI മത്സരം