തിളങ്ങിയത് ജോസ് ബട്‍ലറും ദാവീദ് മലനും മാത്രം, ഇംഗ്ലണ്ടിന് 162 റണ്‍സ് മാത്രം

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് മോശം ബാറ്റിംഗ് പ്രകടനം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാനാവശ്യപ്പെട്ട ശേഷം നാലോവറിനുള്ളില്‍ ജോസ് ബട്‍ലറുടെ മികവില്‍ 43 റണ്‍സിലേക്ക് ഇംഗ്ലണ്ട് കുതിച്ചുവെങ്കിലും ജോണി ബൈര്‍സ്റ്റോയെ(8) ടീമിന് നഷ്ടമായിരുന്നു. അധികം വൈകാതെ 29 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ജോസ് ബട്‍ലറുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായതോടെ ടീം പരുങ്ങലിലായി.

ദാവീദ് മലന്‍ ഒരു വശത്ത് അടിച്ച് തകര്‍ക്കുമ്പോളും മറുവശത്ത് ഓസ്ട്രേലിയന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മധ്യനിരയെ ആഷ്ടണ്‍ അഗറും ഗ്ലെന്‍ മാക്സ്വെല്ലും വട്ടം കറക്കിയപ്പോള്‍ ടീം 108/5 എന്ന നിലയിലേക്ക് വീണു. തന്റെ അര്‍ദ്ധ ശതകം നേടിയ മലന്‍ 43 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഇംഗ്ലണ്ട് 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ ഒതുങ്ങി.

14 റണ്‍സുമായി പുറത്താകാതെ നിന്ന ക്രിസ് ജോര്‍ദ്ദന്‍ ആണ് രണ്ടക്കത്തിലേക്ക് എത്തിയ മറ്റൊരു താരം.