ഹായ് ഹാവേർട്‌സ് !! ട്രാൻസ്ഫർ വിൻഡോ തകർത്ത് തരിപ്പണമാക്കി ചെൽസി

- Advertisement -

കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും ഒടുവിൽ കായ് ഹാവേർട്‌സ് ചെൽസിയിലേക്ക് എന്ന് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് മാസങ്ങൾ നീണ്ട ട്രാൻസ്ഫർ കഥക്ക് അവസാനമായത്. 72മില്യൺ യൂറോക്ക് മുകളിൽ മുടക്കിയാണ് ബയേർ ലെവർകൂസനിൽ നിന്ന് 21 വയസുകാരനായ ഹാവേർട്‌സ് പ്രീമിയർ ലീഗിലേക്ക് ചെൽസിക്ക് വേണ്ടി എത്തുന്നത്. 5 വർഷത്തെ കരാറാണ് ചെൽസി താരത്തിന് നൽകിയിരിക്കുന്നത്.

ജർമ്മൻ ദേശീയ ടീം അംഗമായ ഹാവേർട്‌സ് ഈ തലമുറയിലെ മികച്ച യുവ വാഗ്ദാനങ്ങളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുക മുടക്കി ചെൽസി താരത്തെ ലണ്ടനിൽ എത്തിക്കാനും ഇത് തന്നെ കാരണം. മധ്യനിരയിൽ നിന്ന് കളി മെനയാനും ഗോളുകൾ കണ്ടെത്താനുമുള്ള അസാമാന്യ മിടുക്ക് കാണിക്കുന്ന താരം 2016 മുതൽ ലെവർകൂസന്റെ സീനിയർ ടീമിന്റെ ഭാഗമാണ്. 100 ൽ അധികം സീനിയർ മത്സരങ്ങളുടെ പരിചയമുള്ള താരത്തിന് പ്രീമിയർ ലീഗ് ഫുട്‌ബോളുമായി പെട്ടെന്ന് ഇണങ്ങാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഈ സീസണിൽ ചെൽസി ടീമിൽ എത്തിക്കുന്ന അഞ്ചാമത്തെ താരമാണ് ഹാവേർട്‌സ്. നേരത്തെ ഹക്കിം സിയേക്, തിമോ വെർണർ, മലങ് സാർ, തിയാഗോ സിൽവ എന്നിവരെ ചെൽസി സ്വന്തമാക്കിയിരുന്നു. ഇതിൽ മലങ് സാർ ലോണിൽ മറ്റൊരു ക്ലബ്ബിലേക്ക് പോകും എന്നത് ചെൽസി വെളിപ്പെടുത്തിയിരുന്നു.

Advertisement