ജോ ഡെന്‍ലിയുടെ മികവില്‍ സിക്സേര്‍സിനു ജയം

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ജോ ഡെന്‍ലി. ഇന്നലെ നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 150/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേര്‍സ് 18.2 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോ ഡെന്‍ലി പുറത്താകാതെ നേടിയ 76 റണ്‍സാണ് സിക്സേര്‍സിന്റെ വിജയം ഉറപ്പാക്കിയത്. റഷീദ് ഖാന്‍ അഡിലെയ്ഡിനു വേണ്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഷിലിപ്പ്(15 പന്തില്‍ പുറത്താകാതെ 30), ഡാനിയേല്‍ ഹ്യുജ്സ്(24) എന്നിവരും വിജയികള്‍ക്കായി സ്കോറിംഗ് നടത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡിനു വേണ്ടി ജേക്ക് വെത്തറാള്‍ഡ് 50 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ നിന്ന് പുറത്താകാതെ 42 റണ്‍സ് നേടിയ ജോനാഥന്‍ വെല്‍സ് ആണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. സ്റ്റീവ് ഒക്കേഫെ രണ്ടും ടോം കറന്‍, ഷോണ്‍ അബോട്ട് എന്നിവര്‍ ഓരോ വിക്കറ്റും സിക്സേര്‍സിനു വേണ്ടി നേടി.