ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഗാംഗുലിയും ഷായും സ്റ്റേഡിയത്തിലുണ്ടാകില്ല

Sports Correspondent

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് സൗരവ് ഗാംഗുലിയും ജയ് ഷായും കളി കാണാനുണ്ടാകില്ല. നേരത്തെ ഇരുവരും മത്സരം കാണുവാൻ സൗത്താംപ്ടണിലുണ്ടാകുമെന്നാണ് ലഭിച്ച വിവരമെങ്കിലും ആ തീരുമാനത്തിൽ നിന്നവര്‍ പിന്നോട്ട് പോയെന്നാണ് അറിയുന്നത്.

ബിസിസിഐയുടെ ഒരു അധികാരികളും മത്സരം കാണുവാനുണ്ടാകില്ല എന്നാണ് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്. ഇരുവരും ക്വാറന്റീനിൽ ഇരിക്കേണ്ടി വരുമെന്നും താരങ്ങൾ അല്ലാത്തതിനാൽ ഇളവ് നൽകാനാകില്ലെന്ന് ഇംഗ്ലണ്ട് ബോ‍ര്‍ഡ് അറിയിച്ചതിനാലാണ് ഇരുവരും ഈ തീരുമാനത്തിലെത്തിയതെന്നാണ് അറിയുന്നത്.

ടീമിനുള്ള നിയമങ്ങൾ സെക്രട്ടറിയ്ക്കും പ്രസിഡന്റിനും ബാധകമല്ലെന്നാണ് ഇംഗ്ലണ്ട് ബോ‍ര്‍ഡിലെ ഒരു വ്യക്തി പറഞ്ഞത്. ഇവര്‍ രണ്ട് പേരും പത്ത് ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന് വിധേയരാകണമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചതെന്നാണ് ലഭിയ്ക്കുന്ന വിവരം.