അടച്ചിട്ട് സ്റ്റേഡിയത്തില്‍ കളിക്കാന്‍ തയ്യാര്‍ – ജേസണ്‍ റോയ്

- Advertisement -

താന്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ താരം ജേസണ്‍ റോയ്. താന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ചില മത്സരങ്ങള്‍ കാണികളില്ലാതെ കളിച്ചിട്ടുണ്ടെന്നും ക്രിക്കറ്റിന് ആവശ്യമാണെങ്കില്‍ ഇനിയും അത്തരം സാഹചര്യങ്ങളില്‍ കളിക്കാന്‍ തയ്യാറാണെന്ന് താരം പറഞ്ഞു.

എന്നിരുന്നാലും ആ അനുഭവം വളരെ വിചിത്രമായിരുന്നുവെന്ന് താരം വ്യക്തമാക്കി. അതൊരു മത്സരാന്തരീക്ഷമായിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണ ബൗളര്‍ പന്തെറിഞ്ഞ് കഴിഞ്ഞുണ്ടാകുന്ന ആരവത്തിന് പകരം തീര്‍ത്തും നിശബ്ദതയാണ് ഫലം. ബാറ്റ്സ്മാന്മാര്‍ സിംഗിളും ഡബിളും ഓടാന്‍ പറയുന്നത് വരെ കൃത്യമായി ഗ്രൗണ്ടില്‍ കേള്‍ക്കാമെന്നും റോയ് പറഞ്ഞു.

ഇനിയങ്ങോട്ട് ഇംഗ്ലണ്ടിലും സമാനമായ സാഹചര്യം ഉണ്ടായേക്കാമെന്നും അതിനാല്‍ തന്നെ താന്‍ മാനസികമായി ഇതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്നും ജേസണ്‍ റോയ് പറഞ്ഞു. തനിക്ക് എങ്ങനെയെങ്കിലും ക്രിക്കറ്റ് കളിക്കണമെന്നതാണ് സത്യസന്ധമായ കാര്യമെന്നും അതിനാല്‍ തന്നെ അടച്ചിട്ട സ്റ്റേഡിയത്തിലായാലും താന്‍ കളിക്കാന്‍ റെഡിയാണെന്ന് താരം പറഞ്ഞു.

താന്‍ തന്റെ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നതെന്താണോ അത് ചെയ്യുവാന്‍ തയ്യാറാണെന്നും ഇംഗ്ലണ്ട് താരം വ്യക്തമാക്കി. താന്‍ അവര്‍ പറയുന്നത് അനുസരിക്കുവാന്‍ ബാധ്യസ്ഥനായ ഒരു കരുമാത്രമാണെന്നും താരം കൂട്ടിചേര്‍ത്തു.

Advertisement