ഹാംഷയറുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തി ഫുള്ളര്‍

ഹാംഷയറുമായി പുതിയ രണ്ട് വര്‍ഷത്തെ കരാറിലെത്തി ജെയിംസ് ഫുള്ളര്‍. മിഡില്‍സെക്സില്‍ നിന്നാണ് താരം രണ്ട് വര്‍ഷത്തെ കരാറിനു ഹാംഷയറിലേക്ക് എത്തുന്നത്. ന്യൂസിലാണ്ടില്‍ പ്രാദേശിക ടീമായ ഒട്ടാഗോയ്ക്ക് വേണ്ടി കരിയര്‍ ആരംഭിച്ച ഫുള്ളര്‍ പിന്നീട് ഗ്ലൗസ്റ്റര്‍ഷയറിനു വേണ്ടി കളിക്കുവാനായി ഇംഗ്ലണ്ടിലേക്ക് ചേക്കേറുകയായിരുന്നു. 2010ല്‍ ആയിരുന്നു ഒട്ടാഗോയ്ക്കായി താരം അരങ്ങേറ്റം കുറിയ്ക്കുന്നത്.

2015ല്‍ ഗൗസ്റ്റര്‍ഷയര്‍ റോയല്‍ ലണ്ടന്‍ 50-ഓവര്‍ കപ്പ് വിജയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഫുള്ളര്‍ ആയിരുന്നു. അതിനു ശേഷം 2016ല്‍ താരം മിഡില്‍സെക്സിലേക്ക് ടീം മാറിയെത്തി. ഇംഗ്ലണ്ട് രണ്ടാം നിരയായ ലയണ്‍സിനെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്.