മടങ്ങി വരവില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി വരുണ്‍ ആരോണ്‍

ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്ക് പകരം വരുണ്‍ ആരോണിനെ ടീമില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ മത്സരത്തിനെത്തിയപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ തീര്‍ച്ചയായും നെറ്റി ചുളിച്ച് കാണും. കാരണം ഇതിനു മുമ്പ് കളിച്ച മത്സരത്തില്‍ താരം ഒരോവര്‍ മാത്രമാണ് താരം എറിഞ്ഞത്, അതിലാകട്ടെ 16 റണ്‍സും വഴങ്ങി.

എന്നാല്‍ ഇന്ന് ബൗളിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും നിര്‍ണ്ണായക സാന്നിദ്ധ്യമായി വരുണ്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായി മാറുകയായിരുന്നു. തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ക്രിസ് ലിന്നിനെയും ശുഭ്മന്‍ ഗില്ലിനെയും പുറത്താക്കിയ വരുണ്‍ തന്റെ ആദ്യ മൂന്നോവറില്‍ വെറും 10 റണ്‍സ് മാത്രമാണ് വഴങ്ങിയിരുന്നത്.

രാജസ്ഥാനു മൂന്നാം വിക്കറ്റ് നേടിക്കൊടുത്തതിലും വരുണിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ശ്രേയസ്സ് ഗോപാലിന്റെ ഓവറില്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച നിതീഷ് റാണയെ പുറത്താക്കിയപ്പോള്‍ മികച്ചൊരു ക്യാച്ചാണ് വരുണ്‍ ആരോണ്‍ കൈയ്യിലൊതുക്കിയത്. സുനില്‍ നരൈനെ റണ്ണൗട്ടാക്കിയപ്പോള്‍ അതിലും വരുണ്‍ ആരോണ്‍ പങ്കാളിയായിരുന്നു.

പിന്നീട് മത്സരം കൊല്‍ക്കത്തയുടെ പക്ഷത്തേക്ക് ദിനേശ് കാര്‍ത്തിക്ക് തിരിച്ചുവെങ്കിലും യുവ താരം റിയാന്‍ പരാഗും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് രാജസ്ഥാനെ മൂന്ന് വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. ടീം ജയിച്ചതോടെ മാന്‍ ഓഫ് ദി മാച്ച് കിരീടം വരുണിനു സ്വന്തമാക്കുവാനായി.

Previous articleകാര്‍ത്തിക് ക്ഷമിയ്ക്കു, ഇന്ന് റിയാന്‍ പരാഗിന്റെ ദിനം, രാജസ്ഥാനെ അപ്രാപ്യ വിജയത്തിലേക്ക് നയിച്ച് പരാഗ്-ജോഫ്ര കൂട്ടുകെട്ട്
Next articleബിസിസിഐ അനുമതി ലഭിച്ചു, രഹാനെ ഹാംഷയറിലേക്ക്