തെറി പറഞ്ഞവരെ തിരുത്തി തെവാത്തിയ, ഞാന്‍ ഹീറോയാടാ ഹീറോ

Img 20200927 232717

ആദ്യം പതറിയെങ്കിലും രാഹുല്‍ തെവാത്തിയയുടെ തകര്‍പ്പന്‍ തിരി്ചുവരവില്‍ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഒരു ഘട്ടത്തില്‍ സഞ്ജു പുറത്തായ ശേഷം മത്സരം രാജസ്ഥാന്‍ കൈവിടുമെന്ന് തോന്നിച്ചുവെങ്കിലും തെവാത്തിയയും ജോഫ്രയും റോബിന്‍ ഉത്തപ്പയുമെല്ലാം നല്‍കിയ നിര്‍ണ്ണായക സംഭാവനകളുടെ ബലത്തില്‍ ലക്ഷ്യമായ 224 റണ്‍സ് 3 പന്ത് അവശേഷിക്കവേ ജയിച്ചു. 4 വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

ജോസ് ബട്‍ലറെ (4) തുടക്കത്തിലെ നഷ്ടമായ ശേഷം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും സഞ്ജു സാംസണും കൂടി കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അതിര്‍ത്തി കടത്തുകയായിരുന്നു. 9 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സ് എത്തിയപ്പോളാണ് സ്മിത്തിനെ രാജസ്ഥാന് നഷ്ടമായത്. 27 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ സ്മിത്തിനെ ജെയിംസ് നീഷം ആണ് പുറത്താക്കിയത്.

Stevesmith

ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ പിന്നീട് രാജസ്ഥാന്റെ തന്ത്രം പിഴയ്ക്കുന്ന കാഴ്ചയാണ് ഷാര്‍ജ്ജയില്‍ കണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ രാഹുല്‍ തെവാത്തിയ മത്സരഗതിയ്ക്കെതിരെ ബാറ്റ് വീശുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

തെവാത്തിയ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും സഞ്ജു മറുവശത്ത് സിക്സറുകള്‍ യഥേഷ്ടം നേടുകയായിരുന്നു. 17ാം ഓവറിന്റെ ആദ്യത്തെ പന്തില്‍ സഞ്ജു മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ രാജസ്ഥാന്റെ കാര്യങ്ങള്‍ അവതാളത്തിലായി. സഞ്ജു 4 ഫോറും 7 സിക്സുമാണ് നേടിയത്.

Sanjusamson

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 51 റണ്‍സായിരുന്നു രാജസ്ഥാന്‍ ജയത്തിനായി നേടേണ്ടിയിരുന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറിലെ അഞ്ച് സിക്സ് നേടിയ തെവാത്തിയ മത്സരം വീണ്ടും രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ അടുത്ത ഓവറില്‍ മുഹമ്മദ് ഷമി റോബിന്‍ ഉത്തപ്പയെ പുറത്താക്കിയതോടെ വീണ്ടും കിംഗ്സ് ഇലവന്‍ ക്യാമ്പില്‍ പ്രതീക്ഷയുയര്‍ന്നു.

പിന്നീട് ക്രീസിലെത്തിയ ജോഫ്ര ആര്‍ച്ചറും മുഹമ്മദ് ഷമിയെ സിക്സറുകള്‍ പറത്തിയതോടെ മത്സരം രാജസ്ഥാന്‍ വിജയിക്കുമെന്ന നിലയിലേക്ക് എത്തി. എന്നാല്‍ ഷമി തെവാത്തിയയെ പുറത്താക്കിയെങ്കിലും ലക്ഷ്യം വെറും രണ്ട് റണ്‍സ് അകലെയായിരുന്നു.

31 പന്തില്‍ 53 റണ്‍സ് നേടിയായിരുന്നു തെവാത്തിയയുടെ മടക്കം. അവസാന ഓവറില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് റിയാന്‍ പരാഗിനെ നഷ്ടമായെങ്കിലും ടോം കറന്‍ വന്ന് ബൗണ്ടറി നേടി വിജയം ഉറപ്പാക്കി.

Previous articleഗ്വാർഡിയോള തന്ത്രങ്ങൾ തരിപ്പണം, മാഞ്ചസ്റ്ററിൽ വന്ന് ലെസ്റ്റർ വിളയാട്ട്!!
Next articleഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പതിനൊന്നാം സീഡ് ഗോഫിനെ അട്ടിമറിച്ച് യാനിക്ക് സിന്നർ