രാജസ്ഥാനെ വട്ടംകറക്കി പഞ്ചാബ് സ്പിന്നര്‍മാര്‍, പതിവു പോലെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍

- Advertisement -

ഒരു ഘട്ടത്തില്‍ 97/1 എന്ന നിലയില്‍ പഞ്ചാബിനു വെല്ലുവിളിയുയര്‍ത്തുമെന്ന് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്ന പതിവു രീതി പുറത്തെടുത്തപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നല്‍കിയ 183 റണ്‍സ് എന്ന ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു 12 റണ്‍സിന്റെ തോല്‍വി. പഞ്ചാബിന്റെ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും മുരുഗന്‍ അശ്വിനും ചേര്‍ന്ന് മധ്യ ഓവറുകളില്‍ പുറത്തെടുത്ത ബൗളിംഗ് മികവാണ് പഞ്ചാബിനു വിജയം നല്‍കിയത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ തകര്‍പ്പനടികള്‍ തോല്‍വിയുടെ ഭാരം കുറയ്ക്കുവാന്‍ മാത്രമേ സാധിച്ചുള്ളു. 11 പന്തില്‍ നിന്ന് 33 റണ്‍സ് നേടി സ്റ്റുവര്‍ട് ബിന്നി പുറത്താകാതെ നിന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടിനെ മാറ്റി പരീക്ഷിച്ചാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ചേസിംഗിന് ഇറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്ക് പകരം ജോസ് ബട്‍ലര്‍ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയത് രാഹുല്‍ ത്രിപാഠിയാണ്. ടോപ് ഓര്‍ഡറില്‍ തനിക്ക് കിട്ടിയ അവസരം താരം ഉപയോഗിക്കുകയും ചെയ്തു. 4 ഓവറില്‍ 38 റണ്‍സിലേക്ക് കുതിച്ച രാജസ്ഥാന് എന്നാല്‍ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ ജോസ് ബട്‍ലറെ നഷ്ടമായി. 17 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായ ബട്‍ലറുടെ വിക്കറ്റ് അര്‍ഷ്ദീപ് സിംഗിനാണ് ലഭിച്ചത്. തന്റെ കന്നി ഐപിഎല്‍ വിക്കറ്റാണ് യുവതാരം ബട്‍ലറെ പുറത്താക്കി നേടിയത്.

ബട്‍ലര്‍ പുറത്തായ ശേഷം ത്രിപാഠിയ്ക്കൊപ്പമെത്തിയ സഞ്ജുവും അനായാസം സ്കോറിംഗ് നടത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സ് കൂട്ടുകെട്ടുമായി രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ പഞ്ചാബ് സ്പിന്നര്‍മാരായ രവിചന്ദ്രന്‍-മുരുഗന്‍ അശ്വിന്‍ എന്നിവര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 21 പന്തില്‍ 27 റണ്‍സ് നേടിയ സഞ്ജുവിനെ 12ാം ഓവറില്‍ അശ്വിന്‍ പുറത്താക്കിയപ്പോള്‍ വീണ്ടും മികച്ച നിലയില്‍ നിന്ന് രാജസ്ഥാന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നുവോ എന്നാണ് ഏവരും കരുതിയത്.

ത്രിപാഠിയും രഹാനെയ്ക്കും വേഗത്തില്‍ സ്കോറിംഗ് നടത്താനായില്ലെങ്കിലും 15 ഓവര്‍ പിന്നിട്ടപ്പോള്‍ സ്കോര്‍ 122ല്‍ എത്തിയ്ക്കുവാന്‍ താരങ്ങള്‍ക്കായി. അവസാന 30 പന്തില്‍ 61 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. അശ്വിന്‍ എറിഞ്ഞ 16ാം ഓവറില്‍ ഒരു സ്റ്റംപിംഗ് അവസരം അതിജീവിച്ച് ശേഷം ത്രിപാഠി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഓവറിന്റെ അവസാനത്തില്‍ രാജസ്ഥാന് 50 റണ്‍സ് നേടിയ ത്രിപാഠിയെയും നഷ്ടമായി.

തന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയെങ്കിലും അശ്വിന്‍ അടുത്ത നാലോവറില്‍ 14 റണ്‍സിനു 2 വിക്കറ്റ് വീഴ്ത്തി മികച്ച തിരിച്ചുവരവും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകളും നേടുകയായിരുന്നു. താന്‍ നേരിട്ട ആദ്യ പന്തില്‍ ആഷ്ടണ്‍ ടര്‍ണറും പുറത്തായപ്പോള്‍ മത്സരം രാജസ്ഥാന്‍ കൈവിട്ടു. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്. മുരുഗന്‍ അശ്വിന്‍ തന്റെ നാലോവറില്‍ 24 റണ്‍സിനു 1 വിക്കറ്റ് നേടി.

അവസാന മൂന്നോവറില്‍ 50 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് മുഹമ്മദ് ഷമിയുടെ ഓവറിലെ ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചറെ നഷ്ടമായി. പിന്നീട് ഓവറില്‍ സ്റ്റുവര്‍ട്ട് ബിന്നി നേടിയ ഒരു സിക്സിന്റെയും ഫോറിന്റെയും ബലത്തില്‍ 13 റണ്‍സ് ഓവറില്‍ നിന്ന് നേടിയെങ്കിലും 12 പന്തില്‍ 37 റണ്‍സ് എന്ന ലക്ഷ്യം അപ്രാപ്യം തന്നെയായിരുന്നു.

സ്റ്റുവര്‍ട് ബിന്നി 11 പന്തില്‍ നിന്ന് 33 റണ്‍സുമായി പുറത്താകാതെ നിന്ന് 2 ഫോറും 3 സിക്സും നേടി രാജസ്ഥാനെ 170/7 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. പഞ്ചാബ് ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റും മുരുഗന്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി. ഇതില്‍ അര്‍ഷദീപ് സിംഗും മുഹമ്മദ് ഷമിയും റണ്‍സ് അധികം വഴങ്ങിയെങ്കിലും രണ്ട് സ്പിന്നര്‍മാരും തങ്ങളുടെ നാലോവര്‍ സ്പെല്ലില്‍ വെറും 24 റണ്‍സാണ് വഴങ്ങിയത്.

 

Advertisement