ഐപിഎലില്‍ തന്നെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകളുണ്ട് – ശ്രീശാന്ത്

Photo: AFP
- Advertisement -

ഐപിഎലില്‍ താന്‍ വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് അഭിപ്രായപ്പെട്ട് മലയാളി താരം ശ്രീശാന്ത്. 2013ല്‍ ഐപിഎലിലെ കോഴ വിവാദത്തിനെത്തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പടുത്തിയ താരത്തിന് കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിയ്ക്കുകയായിരുന്നു. 2020 സെപ്റ്റംബറില്‍ തന്റെ വിലക്ക് നീങ്ങി ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

ഇപ്പോള്‍ കേരളം തങ്ങളുടെ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ തനിക്ക് ഐപിഎലിലേക്കും മടങ്ങിയെത്താനാകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. തന്നെ ടീമിലുള്‍പ്പെടുത്തുവാന്‍ താല്പര്യമുള്ള ഫ്രാഞ്ചൈസികളുണ്ടെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയത്.

തന്റെ പേര് താന്‍ ലേലത്തിന് നല്‍കുമെന്നും താന്‍ മികച്ച പ്രകടനം രഞ്ജിയിലും മറ്റും നടത്തുകയാണെങ്കില്‍ സ്വാഭാവികമായി തന്നെ ടീമുകള്‍ തന്നെ സ്വന്തമാക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. താന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

ഐപിഎലില്‍ തിരികെ എത്തി മാത്രമാവും തനിക്ക് തന്റെ നേര്‍ക്കുള്ള കോഴ ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുവാനാകൂ എന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

Advertisement