സൗരവ് ഗാംഗുലിക്ക് ഡൽഹി ക്യാപിറ്റൽസിൽ പുതിയ ഇന്നിംഗ്സ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഉപേദശകനായി നിയമിക്കപ്പെട്ടു. ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ കൂടെ ടീമിനെ മുൻപോട്ട് കൊണ്ടുപോവുക എന്ന ദൗത്യമാവും ഗാംഗുലിക്ക് ഡൽഹി ക്യാപിറ്റൽസിൽ ഉണ്ടാവുക. 2008ലെ പ്രഥമ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റൻ ആയിരുന്നു ഗാംഗുലി. നേരത്തെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിനെ ടീമിന്റെ സഹ പരിശീലകനായി ഡൽഹി നിയമിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായിയിരുന്നു ഐ.പി.എല്ലിൽ ഡൽഹിയുടെ സ്ഥാനം. എന്നാൽ ഈ വർഷം ഡൽഹി ഡെയർഡെവിൾസ് എന്ന പേരു മാറ്റി ഡൽഹി ക്യാപിറ്റൽസ് എന്ന പുതിയ പേരിലാണ് ഡൽഹി ഇറങ്ങുന്നത്. മാർച്ച് 24നാണ് ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് മത്സരം.