എംഎസ് ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷറിനൊപ്പം താന്‍ കളിച്ചിട്ടില്ല – ഫാഫ് ഡു പ്ലെസി

എംഎസ് ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷര്‍ക്കൊപ്പം താന്‍ തന്റെ കരിയറില്‍ കളിച്ചിട്ടില്ലെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. 2011 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയ്ക്കൊപ്പം കളിക്കുന്ന താരമാണ് ഫാഫ് ഡു പ്ലെസി.

ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും കൂള്‍ ആയി നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ധോണിയെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആണെന്നാണ് ഫാഫ് സംബോധന ചെയ്തത്. ടീമിനെെ വിഷമകരമായ അവസ്ഥയില്‍ നിന്ന് വിജയത്തിലേക്ക് എത്തിക്കുന്ന വ്യക്തിയാണ് എംഎസ് എന്നും ഫാഫ് പറഞ്ഞു.

ധോണിയെ പോലെ ധോണി മാത്രമേയുള്ളുവെന്നും ആരും അദ്ദേഹത്തെ പോലെയാകുവാന്‍ ശ്രമിക്കരുതെന്നും ഡു പ്ലെസി പറഞ്ഞു. ധോണിയെ വ്യത്യസ്തനാക്കുന്നത് വളരെ വൈകി ബോള്‍ ടൈം ചെയ്യുന്നതാണെന്നും തന്റെ കളി മികച്ച രീതിയില്‍ അവലോകനം ചെയ്തിട്ടുള്ള ധോണി ഏത് ബൗളരെ ആക്രമിക്കുവാന്‍ തിരഞ്ഞെടുക്കണമെന്ന് വ്യക്തമായ അറിവുള്ള താരമാണെന്നും ഫാഫ് പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്‍സ്റ്റിന്‍ക്ടീവ് ആയ വ്യക്തിയാണ് ധോണിയെന്നും ഫാഫ് പറഞ്ഞു. വളരെ മികച്ച ക്രിക്കറ്റിംഗ് ബ്രെയിന്‍ ഉള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ധോണിയെന്നും ഫാഫ് പറഞ്ഞു.