അയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Venkateshiyer

പഞ്ചാബ് കിംഗ്സിനെതിരെ 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ  ആണ് ഈ സ്കോര്‍ നേടിയത്.

Iyertripathi

ശുഭ്മന്‍ ഗില്ലിനെ(7) മൂന്നാം ഓവറിൽ അര്‍ഷ്ദീപ് സിംഗ് തന്റെ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 റൺസ് മാത്രമാണ് നേടിയിരുന്നത്. അതിന് ശേഷം 72 റൺസിന്റെ കൂട്ടുകെട്ടാണ് ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് നേടിയത്.

34 റൺസ് നേടിയ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് രവി ബിഷ്ണോയി സ്വന്തമാക്കുകയായിരുന്നു. രാഹുല്‍ പുറത്തായി അധികം വൈകാതെ വെങ്കിടേഷ് അയ്യര്‍ തന്റെ ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം നേടി. 67 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ പുറത്താക്കി രവി ബിഷ്ണോയി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 30 റൺസാണ് അയ്യര്‍ – റാണ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ ഓയിന്‍ മോര്‍ഗനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രണ്ട് സിക്സുകള്‍ അടക്കം 18 പന്തിൽ 31 റൺസ് നേടി നിതീഷ് റാണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നല്‍കുകയായിരുന്നു.

Arshdeepsingh

റാണയുടെ വിക്കറ്റ് അര്‍ഷ്ദീപ് ആണ് നേടിയത്. ആ ഓവറിൽ ഒരു സിക്സും ഫോറും നേടിയ റാണയെ നാലാം പന്തിൽ അര്‍ഷ്ദീപ് പുറത്താക്കി. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവസാന ആറോവറിൽ വെറും 50 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. അതും നിതീഷ് റാണയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ടീം ഈ സ്കോറിലേക്ക് അവസാനം എത്തിയത്.

Previous articleമലയാളി ഗോൾ കീപ്പർ മിർഷാദ് ഇനി നോർത്ത് ഈസ്റ്റിന്റെ താരം
Next articleഫ്ലൊറൻസിക്ക് ശസ്ത്രക്രിയ, ഒരു മാസം പുറത്ത്