വിദേശ താരങ്ങൾ ഇല്ലാത്ത ഐ.പി.എൽ വേണ്ടന്ന് ചെന്നൈ സൂപ്പർ കിങ്‌സ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദേശ താരങ്ങളെ ഒഴിവാക്കി ഇന്ത്യൻ താരങ്ങളെ മാത്രം വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തേണ്ടതില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ഐ.പി.എൽ മുഷ്‌താഖ്‌ അലി ട്രോഫി പോലെയാവുമെന്നും ചെന്നൈ സൂപ്പർ കിങ്‌സ് പറഞ്ഞു.

ഈ വർഷം മറ്റൊരു സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ ശ്രമിക്കണമെന്നും ചെന്നൈ സൂപ്പർ കിങ്‌സിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നേരത്തെ മറ്റൊരു ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താമെന്ന ആശയവുമായി മുന്നോട്ട് വന്നിരുന്നു.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം നടന്നില്ലെങ്കിൽ ബി.സി.സി.ഐക്ക് 4000 കോടി രൂപയുടെ നഷ്ട്ടം ഉണ്ടാവുമെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ പറഞ്ഞിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് മാർച്ച് 29ന് നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15ലേക്കും തുടർന്ന് അനിശ്ചിത കാലത്തേക്കും നീട്ടിവെച്ചിരുന്നു.