ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെറോണ്‍ ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൗണ്ടിയും താരവും തമ്മില്‍ സംയുക്തമായ തീരുമാനത്തിലാണ് ഈ റദ്ദാക്കല്‍ തീരുമാനം അംഗീകരിച്ചതെന്നാണ് അറിയുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാണ് ഫിലാന്‍ഡര്‍ സോമര്‍സെറ്റുമായി കരാറിലെത്തിയത്.

ഏപ്രില്‍ ആദ്യം ക്ലബില്‍ ചേരുവാനിരുന്ന താരത്തിന് എന്നാല്‍ അതിന് സാധിച്ചില്ല. ജൂലൈ 1 വരെ ഇംഗ്ലണ്ടില്‍ യാതൊരു വിധ ക്രിക്കറ്റും നടത്തേണ്ടതില്ല എന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചതോടെ കൗണ്ടി മത്സരങ്ങള്‍ നീളുകയായിരുന്നു. ഇതിന് പുറമെ പല കൗണ്ടികളും തങ്ങളുടെ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുകയും വേതനിമില്ലാത്ത അവധി താരങ്ങള്‍ക്ക് നല്‍കുന്ന സാഹചര്യം ഉടലെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലും കൂടി 101 മത്സരങ്ങളാണ് ഫിലാന്‍ഡര്‍ കളിച്ചിട്ടുള്ളത്. ഇതില്‍ താരം കൂടുതല്‍ പ്രഭാവം ഉണ്ടാക്കിയത് ടെസ്റ്റ് ക്രിക്കറ്റിലാണ്. 64 ടെസ്റ്റുകളില്‍ നിന്ന് താരം 224 വിക്കറ്റാണ് നേടിയത്.