ഐപിഎല്‍ 14ാം പതിപ്പ് ഏപ്രിലില്‍ നടക്കുമെന്ന് അറിയിച്ച് സൗരവ് ഗാംഗുലി

ഐപിഎല്‍ 2021 ഏപ്രിലില്‍ നടക്കുമെന്ന് അറിയിച്ച് ബിസിസിഐ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഈ വിവരം അറിയിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയോടെയാണ് ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നത്. കോവിഡ് മഹാമാരി വന്നതിന് ശേഷം ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

ഐപിഎല്‍ 13ാം പതിപ്പ് യഥാസമയത്ത് നടക്കാന്‍ സാധിക്കാതെ വന്ന് അവസാനം യുഎഇയിലേക്ക് സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന തരത്തിലേക്ക് മാറ്റുകയായിരുന്നു. ഇംഗ്ലണ്ടിനെ 2021 ഫെബ്രുവരിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ 2021 ഐപിഎല്‍ മാര്‍ച്ചില്‍ ആരംഭിക്കുന്നതിന് പകരം ഏപ്രിലില്‍ ആവും ആരംഭിക്കുക എന്ന തീരുമാനത്തിലാണ് ബിസിസിഐ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

2020ല്‍ കൊറോണ കാരണം നഷ്ടമായ അന്താരാഷ്ട്ര ക്രിക്കറ്റ് ഓടിപ്പിടിക്കുവാനുള്ള ബിസിസിഐയുടെ ശ്രമങ്ങളുടെ പൂര്‍ണ്ണ രൂപം ഇനിയുള്ള ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്. ഇത് കൂടാതെ 2021ല്‍ ഇന്ത്യയില്‍ ടി20 ലോകകപ്പും നടക്കാനിരിക്കുകയാണ്.

Previous article“താൻ ക്ലബ് വിടണമെങ്കിൽ അത് തന്നോട് നേരിട്ട് പറയണം, പത്രങ്ങൾക്ക് വാർത്ത ചോർത്തി അല്ല പറയേണ്ടത്”
Next articleമഗ്വയർ ജയിലിൽ തന്നെ, മാഞ്ചസ്റ്റർ ക്യാപ്റ്റൻ ഇല്ലാതെ കളിക്കേണ്ടി വരുമോ