മൊഹാലിയില്‍ വീണ്ടും ഗെയില്‍ സ്റ്റോം, അവസാന പന്തില്‍ ബൗണ്ടറി നേടിയെങ്കിലും ഗെയിലിനു ശതകമില്ല

- Advertisement -

ക്രിസ് ഗെയില്‍ 99 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഒരു വശത്ത് ക്രിസ് ഗെയില്‍ അടിച്ച് തകര്‍ത്തപ്പോളും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് ഒഴുക്ക് തടസ്സപ്പെടുത്താന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂറിനായിിന്നുവെങ്കിലും അവസാന ഓവറുകളില്‍ വീണ്ടും ആഞ്ഞടിച്ച് ഗെയില്‍ ടീമിനെ 20 ഓവറില്‍ നിന്ന് 173 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. ഗെയില്‍ 64 പന്തില്‍ നിന്ന് പുറത്താകാതെ 99 റണ്‍സ് നേടിയപ്പോള്‍ കെഎല്‍ രാഹുല്‍(18), മയാംഗ് അഗര്‍വാല്‍(15), സര്‍ഫ്രാസ് ഖാന്‍(15) എന്നിവരെല്ലാം തന്നെ ലഭിച്ച തുടക്കം കൈമോശപ്പെടുത്തുകയായിരുന്നു. മന്‍ദീപ് സിംഗ് 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഗെയില്‍ 10 ബൗണ്ടറിയും 5 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

യൂസുവേന്ദ്ര ചഹാലും മോയിന്‍ അലിയും മധ്യ ഓവറുകളില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തുവെങ്കിലും പേസ് ബൗളര്‍മാരെല്ലാവരും കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു. ഉമേഷ് യാദവ് നാലോവറില്‍ 42 റണ്‍സും മുഹമ്മദ് സിറാജ് 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ചഹാല്‍ നാലോവറില്‍ 33 റണ്‍സിനു രണ്ട് വിക്കറ്റും മോയിന്‍ അലി 19 റണ്‍സ് വഴങ്ങി 1 വിക്കറ്റും നേടി. നവ്ദീപ് സൈനി നാലോവില്‍ 23 റണ്‍സ് മാത്രം വഴങ്ങി പേസ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തി.

Advertisement