ചെന്നൈ നീ ഒന്നാം നമ്പര്‍, ചെന്നൈയെ വിജയത്തിലേക്ക് പിടിച്ച് കയറ്റി റെയ്‍നയും ജഡേജയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങി ഒരു ഘട്ടത്തില്‍ ബുദ്ധിമുട്ടിയെങ്കിലും സുരേഷ് റെയ്‍നയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ അവസാന ഓവറില്‍ ചെന്നൈ ജയം പിടിച്ചെടുക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 41 റണ്‍സ് നേടി ജഡേജയും റെയ്‍നയുമാണ് ചെന്നൈയുടെ വിജയ ശില്പികള്‍. . ചെന്നൈയ്ക്കെതിരെ സ്പിന്‍ കരുത്തിലാണ് കൊല്‍ക്കത്തത്ത വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവര്‍ കളി മാറ്റി മറിയ്ക്കുകയായിരുന്നു. ചെന്നൈ 5 വിക്കറ്റ് ജയം സ്വന്തമാക്കി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 3.1 ഓവറില്‍ 29 റണ്‍സാണ് ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസി വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ ഹാരി ഗുര്‍‍ണേ ഷെയിന്‍ വാട്സണെ പുറത്താക്കി ചെന്നൈയ്ക്ക് ആദ്യ പ്രഹരം നല്‍കി. തന്റെ ആദ്യ ഓവറില്‍ തന്നെ ഫാഫിനെ പുറത്താക്കി സുനില്‍ നരൈന്‍ ടീമിനു രണ്ടാമത്തെ പ്രഹരം നല്‍കി. സുരേഷ് റെയ്‍നയെ ഹാരി ഗുര്‍ണേ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും താരം റിവ്യൂ ചെയ്ത് തെറ്റായ തീരുമാനത്തെ അതിജീവിച്ചു.

എന്നാല്‍ പിയൂഷ് ചൗള മറുവശത്ത് അമ്പാട്ടി റായിഡുവിനെയും(5) കേധാര്‍ ജാഥവിനെയും പുറത്താക്കിയതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ പ്രയാസകരമായി. ധോണിയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിചേര്‍ത്ത് റെയ്‍ന ചെന്നൈയുടെ രക്ഷനാകുമെന്ന് കരുതിയെങ്കിലും നരൈന്‍ എത്തി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

മത്സരം അവസാന നാലോവറിലേക്ക് എത്തിയപ്പോള്‍ 41 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. പ്രസിദ്ധ കൃഷ്ണയും സുനില്‍ നരൈനും അടുത്ത രണ്ടോവര്‍ അധികം റണ്‍സ് വിട്ട് നല്‍കാതിരുന്നപ്പോള്‍ ചെന്നൈയുടെ ലക്ഷ്യം അവസാന രണ്ടോവറില്‍ 24 ആയി. ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് ജഡേജ തുടരെ അടിച്ച മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 8 റണ്‍സായി മാറി.

രണ്ട് പന്ത് അവശേഷിക്കെയാണ് ചെന്നൈ തങ്ങളുടെ ജയം സ്വന്തമാക്കിയത്. സുരേഷ് റെയ്‍ന 58 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഏറെ പ്രശംസനീയമാണ്. കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരൈന്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാരില്‍ നിന്ന് അത്തരത്തിലൊു പ്രകടനം വരാത്തത് ടീമിനു തിരിച്ചടിയായി.