കളം നിറഞ്ഞ് Mr. 360യും പോക്കറ്റ് ഡൈനാമോയും, കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി റോയല്‍ ചലഞ്ചേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എബി ഡി വില്ലിയേഴ്സിന്റെ അര്‍ദ്ധ ശതകത്തിന്റെയും പാര്‍ത്ഥിവ് പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മികച്ച തുടക്കത്തിനു ശേഷം വിരാട് കോഹ്‍ലിയെ(13) നഷ്ടമായപ്പോള്‍ 3.1 ഓവറില്‍ 35 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ 36 റണ്‍സ് കൂടി നേടിയ ശേഷം പാര്‍ത്ഥിവിനെയും ബാംഗ്ലൂരിനു നഷ്ടമായി. 24 പന്തില്‍ നിന്ന് 43 റണ്‍സാണ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയത്.

71/1 എന്ന നിലയില്‍ നിന്ന് പൊടുന്നനെ 81/4 എന്ന നിലയിലേക്ക് വീണ ശേഷം എബി ഡി വില്ലിയേഴ്സും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്നാണ് ബാംഗ്ലൂരിനെ 202 റണ്‍സിലേക്ക് എത്തിച്ചത്. 121 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

അവസാന ഓവറുകളില്‍ സിക്സുകളിലൂടെയായിരുന്നു ബാംഗ്ലൂരിന്റെ സ്കോറിംഗ്. 19ാം ഓവറില്‍ 21 റണ്‍സും 20ാം ഓവറില്‍ 27 റണ്‍സുമാണ് എബിഡി-സ്റ്റോയിനിസ് കൂട്ടുകെട്ട് നേടിയത്.  ഒരു ഘട്ടത്തില്‍ 175 റണ്‍സ് നേടാനായാല്‍ ഭാഗ്യമെന്ന നിലയില്‍ എത്തിയ ശേഷമാണ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം.

ഡി വില്ലിയേഴ്സ് 7 സിക്സും മൂന്ന് ഫോറും സഹിതം 44 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയപ്പോള്‍ മെല്ലെ തുടങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി ഇന്നിംഗ്സ് മികച്ച രീതിയില്‍ അവസാനിപ്പിച്ചു.

പഞ്ചാബ് ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍ മാത്രമാണ് തിളങ്ങിയത്. തന്റെ നാലോവറില്‍ ഒരു വിക്കറ്റ് നേടുവാന്‍ 15 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ട് നല്‍കിയത്. മുരുഗന്‍ അശ്വിന്‍ 31 റണ്‍സ് വിട്ട് നല്‍കി 1 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി 53 റണ്‍സും ഹാര്‍ഡസ് വില്‍ജോയന്‍ 51 റണ്‍സുമാണ് വിട്ട് നല്‍കിയത്.