പാക്കിസ്ഥാന്‍ മുഖ്യ സെലക്ടര്‍ പദവി ഒഴിയുന്നതായി അറിയിച്ച് ഇന്‍സമാം

- Advertisement -

പാക്കിസ്ഥാന്റെ മുഖ്യ സെലക്ടര്‍ പദവി ഒഴിയുകയാണെന്ന് അറിയിച്ച് ഇന്‍സമാം ഉള്‍ ഹക്ക്. ലോകകപ്പ് വരെയായിരുന്നു ഇന്‍സമാമിന്റെ കരാര്‍ കാലാവധി. മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ ചീഫ് സെലക്ടറെ നിയമിക്കുവാനുള്ള അനുയോജ്യമായ സമയമാണ് ഇതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഇന്‍സമാം ഉള്‍ ഹക്ക് വ്യക്തമാക്കി. പുതിയ ആശയങ്ങളും ചിന്തകളും അവര്‍ക്ക് കൊണ്ടുവരാനാകുമെന്ന് ഇന്‍സമാം വിശ്വാസം രേഖപ്പെടുത്തി.

ലോകകപ്പിലെ പാളിയ തുടക്കത്തിന് ശേഷം അവസാന മത്സരങ്ങളില്‍ മികവാര്‍ന്ന പ്രകടനവുമായി പാക്കിസ്ഥാന്‍ 11 പോയിന്റ് നേടി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചുവെങ്കിലും ന്യൂസിലാണ്ടിനോട് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പിന്തള്ളപ്പെട്ട് പോകുകയായിരുന്നു.

പാക്കിസ്ഥാന്‍ ബോര്‍ഡ് തരുന്ന വേറെ ദൗത്യം ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്നും ഇന്‍സമാം പറഞ്ഞു. താനുമൊരു മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിച്ചിരിക്കാമെന്നും എന്നാല്‍ നല്ലതിനായി ചെയ്ത കാര്യങ്ങളാണ് എല്ലാമെന്നും ഇന്‍സമാം പറഞ്ഞു. ഏതെങ്കിലും താരത്തിനോട് താന്‍ അനീതി കാണിച്ചുെവെന്ന് അവര്‍ക്ക് തോന്നുന്നുവെങ്കില്‍ ഞാന്‍ അതിന് മാപ്പ് ചോദിക്കുന്നുവെന്നും ഇന്‍സമാം വ്യക്തമാക്കി.

Advertisement