ഇന്ത്യന്‍ പരമ്പര ഭാവിയിലേക്കുള്ള ടീം പടുത്തുയര്‍ത്തുവാനുള്ള അവസരം

ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുവാനുള്ള പരമ്പരയായാണ് ഇന്ത്യന്‍ ടീമിനെതിരെയുള്ള ടി20 പരമ്പരയെ കാണുന്നതെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ എനോച്ച് ക്വേ. ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ചെറിയ ഫോര്‍മാറ്റില്‍ ക്വിന്റണ്‍ ഡി കോക്കിനെ ക്യാപ്റ്റനാക്കിയ ദക്ഷിണാഫ്രിക്ക അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളാരംഭിച്ചിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ ഡി കോക്കിനാവും ഇനി ക്യാപ്റ്റന്‍സിയെന്ന സൂചനയും ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ പറഞ്ഞു.

ലോകകപ്പിലെ ദാരുണമായ പ്രകടനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒട്ടേറെ മാറ്റമാണ് വന്നത്. കോച്ച് ഓട്ടിസ് ഗിബ്സണ്‍ പുറത്ത് പോയപ്പോള്‍ ഡു പ്ലെസിയുടെ ക്യാപ്റ്റന്‍സി ടെസ്റ്റില്‍ മാത്രമായി ബോര്‍ഡ് ഒതുക്കി. ക്വിന്റണ്‍ ഡി കോക്കില്‍ വിശ്വാസമുണ്ടെന്നും തങ്ങളുടെ സ്ക്വാഡില്‍ ആവശ്യത്തിനുള്ള പ്രതിഭകളുണ്ടെന്നും ക്വേ പറഞ്ഞു. ഫാഫ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും വലിയ സംഭാവനകളാണ് നല്‍കിയതെങ്കിലും ഇനിയുള്ള ഭാവി പരിപാടികള്‍ ക്വിന്റണ്‍ ഡി കോക്കിന്റെ നേതൃത്വത്തിലാവും ചെറിയ ഫോര്‍മാറ്റിലെന്നും അതിനുള്ള തുടക്കമാണ് ഇതെന്നും എനോച്ച് വ്യക്തമാക്കി.