ബ്രസീൽ പെറുവിന് മുന്നിൽ വീണു

അവസാനം പെറു ബ്രസീലിനെ തോൽപ്പിച്ചു. കോപ അമേരിക്കയിൽ രണ്ട് തവണ ബ്രസീലിനോട് പരാജയപ്പെട്ട പെറു ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഗോൾകീപ്പർ എഡേഴ്സണ് പറ്റിയ ഒരു പിഴവാണ് പെറുവിന്റെ വിജയ ഗോളിൽ കലാശിച്ചത്. നെയ്മറിനെ ബെഞ്ചിൽ ഇരുത്തി കളി തുടങ്ങിയ ടിറ്റെയുടെ തീരുമാനം തെറ്റുന്നതാണ് കളിയിക് ഉടനീളം കണ്ടത്.

കളിയുടെ 85ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു പെറുവിന്റെ ഗോൾ. അബ്രാം ആണ് ഗോൾ നേടിയത്. ഫ്രീകിക്ക് കൈക്കലാക്കാൻ വേണ്ടി മുന്നോട്ട് വന്ന എഡേഴ്സന്റെ തീരുമാനം പിഴച്ചതാണ് ബ്രസീലിന് വിനയായത്. അലിസണ് പരിക്ക് ആയതിനാൽ എഡേഴ്സൺ ആണ് ഇപ്പോൾ ബ്രസീലിന്റെ ഒന്നാം ഗോൾ കീപ്പർ. പെറുവിനെ ചെറുതായി കണ്ടതും ബ്രസീലിന് പ്രശ്നമായി. നേരത്തെ കോപ അമേരിക്കയിൽ ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഫൈനലിൽ 3-1 എന്ന സ്കോറിനും ബ്രസീൽ പെറുവിനെ തോൽപ്പിച്ചിരുന്നു.