മനീഷ് പാണ്ടേയെ പുറത്തിരുത്തിയത് കടുത്ത തീരുമാനം – ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ പ്രധാന പ്രശ്നം മധ്യനിരയുടെ ബാറ്റിംഗ് പ്രകടനമാണ്. ടീം പലപ്പോഴും ആശ്രയിച്ചിട്ടുള്ള മനീഷ് പാണ്ടേ ഈ സീസണില്‍ പതിഞ്ഞ വേഗത്തിലാണ് സ്കോറിംഗ് നടത്തിയത്. തുടര്‍ന്ന് താരത്തിന് ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാല്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ അല്ലാതെ മറ്റു താരങ്ങള്‍ക്കാര്‍ക്കും ബാറ്റ് വീശി ടീമിനെ മുന്നോട്ട് നയിക്കാനാകാതെ പോയപ്പോള്‍ മനീഷിനെ പുറത്താക്കിയത് തെറ്റായ തീരുമാനം ആണോ എന്ന ചോദ്യം ഉയരുകയാണ്.

മനീഷിനെ പുറത്തിരുത്തിയത് വളരെ കടുപ്പമേറിയ തീരുമാനമാണെന്നും അത് സെലക്ടര്‍മാര്‍ തീരുമാനിക്കേണ്ട ഒന്നാണെന്നും സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. എടുത്ത തീരുമാനത്തെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്നും വിരാട് സിംഗ് മികച്ച താരമാണെന്നും ചെന്നൈയിലെ പിച്ച് അല്പം പ്രയാസമേറിയ ഒന്നായിരുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

മനീഷിന് പകരം ടീമിലെത്തിയ വിരാട് സിംഗിന് കാര്യമായ രീതിയില്‍ ടീമിനെ റണ്‍സുമായി സഹായിക്കുവാന്‍ സാധിച്ചിരുന്നില്ല.