സി.എസ്.കെ ക്യാപ്റ്റൻ ധോണിക്കെതിരെ കടുത്ത വിമർശനവുമായി ശ്രീകാന്ത്

രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ് ശ്രീകാന്ത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരം ശേഷം ധോണി സി.എസ്.കെ ടീമിലെ യുവതാരങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ടീമിലെ യുവതാരങ്ങൾക്ക് ടീമിലെ മറ്റുള്ളവരെ ഉത്തേജിപ്പിക്കാനുള്ള കഴിവ് ഇല്ലെന്ന് ധോണി വിമർശിച്ചിരുന്നു.

തുടർന്നാണ് ഇതിനെതിരെ പ്രതികരണവുമായി ശ്രീകാന്ത് രംഗത്തെത്തിയത്. ധോണി പറയുന്ന നടപടി ക്രമങ്ങളെ താൻ അനുകൂലിക്കുന്നില്ലെന്നും ടീം തിരഞ്ഞെടുപ്പ് തന്നെ ശരിയായില്ലെന്നും ശ്രീകാന്ത് പറഞ്ഞു. മോശം ഫോമിലുള്ള കേദാർ ജാദവിനും പിയുഷ് ചൗളക്കും ടീമിനെ ഉത്തേജിപ്പിക്കാനുള്ള കഴിവ് ഉണ്ടോ എന്നും ശ്രീകാന്ത് ചോദിച്ചു.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. പത്ത് മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിങ്‌സ് വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ജയിച്ചത്.